അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം വളരെ മുന്നില്‍: മന്ത്രി എ സി മൊയ്തീന്‍

post

കൊല്ലം : അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം ഏറെ  മുന്നിലാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. കൊട്ടാരക്കര  കില ഇ ടി സി യില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടുള്ള  വികസനമാണ്  സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിച്ചു കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി   നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഗ്രാമവികസന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം എടുത്തുപറയേണ്ടതാണ്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്രയധികം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത കാലഘട്ടം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. പ്രളയം വന്നപ്പോള്‍ ചുമതലകളില്‍ പ്രധാന പങ്കുവഹിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിരുന്നു. കോവിഡ് എന്ന മഹാമാരിക്ക്  മുന്‍പിലും എല്ലാവരെയും ഏകോപിച്ച് നിര്‍ത്തിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ്. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിനും ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിനുമായുള്ള ആനുകൂല്യങ്ങളും ഇത്തവണത്തെ ബജറ്റില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൃഷി, വ്യവസായ വകുപ്പ്, സഹകരണ സംഘങ്ങളിലെ കോള്‍ഡ് സ്റ്റോറേജ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി വിപുലമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രാദേശിക സര്‍ക്കാരുകളിലൂടെ ഇത് പ്രാവര്‍ത്തികമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ സാമ്പത്തിക വ്യവസ്ഥിതിയിലേക്ക് സമൂഹത്തെ മാറ്റിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  ശോച്യഅവസ്ഥയിലായിരുന്ന  ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതിയില്‍ സ്ഥലം എം എല്‍ എ ആയ പി അയിഷ  പോറ്റി നടത്തിയ പ്രവര്‍ത്തനങ്ങള്‍  അഭിനന്ദനാര്‍ഹം ആണെന്നും മന്ത്രി പറഞ്ഞു

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും കിലയുടെയും ധനസഹായത്തോടെ ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. 50 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയാണ് കെട്ടിടം. പതിമൂവായിരം ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. 25ലധികം മുറികളാണ് ഉള്ളത്.

ചടങ്ങില്‍ പി അയിഷാ  പോറ്റി എം എല്‍ എ അധ്യക്ഷയായി. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ ഷാജു, വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്, ഗ്രാമ വികസന കമ്മീഷണര്‍ വി ആര്‍ വിനോദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ ജോയ് ഇളമണ്‍, കില ഇ ടി സി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍, ഗ്രാമബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.