വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് ആക്കുന്നത് ഉദ്യോഗസ്ഥരുടെ സമീപനം : മന്ത്രി ഇ ചന്ദ്രശേഖരന്‍

post

കൊല്ലം : വില്ലേജ് ഓഫീസുകളെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നത് ഉദ്യോഗസ്ഥരുടെ സമീപനമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. കാലഘട്ടത്തിന് അനുസൃതമായി വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വേണം. വില്ലേജ് ഓഫീസുകളില്‍ പലതും ശോച്യാവസ്ഥയില്‍ ആയിരുന്നു, ആ അവസ്ഥയ്ക്ക് മാറ്റം വരികയാണ്. വില്ലേജ് ഓഫീസര്‍ അടക്കമുള്ള ജീവനക്കാരുടെ അസൗകര്യങ്ങളും, പരിമിതികളും തിരിച്ചറിഞ്ഞ് അവയ്ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് തുടക്കം കുറിച്ചത്.

സാധാരണക്കാരായ ജനങ്ങള്‍  ഏതൊരാവശ്യത്തിന് സമീപിക്കുമ്പോഴും  വില്ലേജ് ഓഫീസുകളില്‍ ജീവനക്കാര്‍ നടത്തുന്ന മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍  സര്‍ക്കാരിന്റെ നയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

റവന്യൂ വകുപ്പ് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകും.  അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റുമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള ആലോചനകള്‍ പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്തരം ജനസൗഹൃദ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് തുടക്കമിടുന്നത്. മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥരുടെ സൗകര്യവും, ഒപ്പം ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ചപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളോടെ വില്ലേജ് ഓഫീസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയില്‍ ആറ് സ്മാര്‍ട്ട്  വില്ലേജ് ഓഫീസുകള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.

വിശാലമായ ഹാള്‍, വില്ലേജ് ഓഫീസര്‍ക്കുള്ള മുറി, വികലാംഗര്‍ക്ക് പ്രത്യേക റാംപ് സൗകര്യം, ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി പ്രത്യേക മുറി, ശുചിമുറി, ലോക്കര്‍ റൂം എന്നീ സൗകര്യങ്ങളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ ഉള്ളത്.

ഇടമണ്‍ വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ രാജു അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളെ ജനസൗഹൃദവും ഗുണനിലവാരമുള്ളതുമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങരയില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ,  മൈനാഗപ്പള്ളിയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, കുളക്കടയില്‍ പി അയിഷാപോറ്റി എം എല്‍ എ, തലവൂരില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ വെളിനല്ലൂരില്‍ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ എന്നിവര്‍ അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍,  എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ജീവനക്കാര്‍, രാഷ്ട്രീ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.