ജയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നാമത്: ഡി ജി പി ഋഷിരാജ് സിംഗ്

post

തൃശൂര്‍: ജയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് ഡി ജി പി ഋഷിരാജ് സിംഗ്. ടി എന്‍ പ്രതാപന്‍ എം പി വിയ്യൂര്‍ അതീവ സുരക്ഷ ജയിലിന് സമര്‍പ്പിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവറയില്‍ എത്തുന്നവര്‍ക്ക് ശിക്ഷ ലഭിച്ചവര്‍ എന്നോ വിചാരണ തടവുകാര്‍ എന്നോ വ്യത്യാസമില്ലാതെ തൊഴില്‍ സാധ്യതാ പരിശീലനങ്ങള്‍ ഇവിടെ നല്‍കുന്നു. 35 കോടി രൂപയുടെ ജയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റ ഒരേ ഒരു സംസ്ഥാനവും, 60 ദിവസത്തിനുള്ളില്‍ പരോള്‍ ലഭ്യമാക്കുന്ന സംസ്ഥാനവും കേരളമാണ്. വിവിധ ജില്ലകളിലെ 8 എം എല്‍ എമാര്‍ വിവിധ ജയിലുകള്‍ക്ക് ആംബുലന്‍സുകള്‍ വാങ്ങി നല്‍കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

എംപി നല്‍കിയ പുസ്തകങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം സുനില്‍ ലാലൂര്‍ ഡി ജി പിക്ക് കൈമാറി. പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് പൂക്കള്‍ക്ക് പകരം പുസ്തകങ്ങള്‍ എന്ന ആശയത്തിലൂടെ നേടിയ 2000ത്തോളം പുസ്തകങ്ങളാണ് എം പി ജയിലിന് നല്‍കിയത്. ഇതോടൊപ്പം ഷെല്‍ഫുകളും റീഡിങ് ടേബിളുകളും സമ്മാനിച്ചു. കൗണ്‍സിലര്‍ വി കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, എഴുത്തുകാരായ കെ വേണു, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കാനെത്തി. തൃശൂര്‍ മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യന്‍, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മ്മലാനന്ദന്‍ നായര്‍, റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി കെ, അതീവ സുരക്ഷ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.