ത്രിതല സമിതിയിലെ അംഗങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റ് കോഴ്സ്
 
                                                കൊല്ലം : ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ത്രിതല സമിതിയിലെ ജനപ്രതിനിധികള്‍ക്കായി  സര്‍ട്ടിഫിക്കറ്റ് കോഴ്സ് മാര്‍ച്ചില്‍ ആരംഭിക്കും. 'വികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും' എന്ന വിഷയത്തിലാണ് ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്സ്.  കില,  ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല,  കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്,  ഇന്നവേഷന്‍ ആന്റ് ടെക്നോളജി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോഴ്സ് ആരംഭിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി കില ഡയറക്ടര്‍ ജനറല്‍ ഡോ ജോയ് ഇളമണിന്റെ അധ്യക്ഷതയില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ പഠന സാമഗ്രികള്‍ ആണ് വിദൂര വിദ്യാഭ്യാസ രീതിയില്‍ നടപ്പിലാക്കുന്ന ഈ കോഴ്സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. 16 അക്കാദമിക് ക്രെഡിറ്റുകളാണ് കോഴ്സിനുള്ളത്. ഇവ ഉപരിപഠനത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. ഓരോ പഠിതാവിനെയും താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികളുടെ കരട് രേഖ തയ്യാറാക്കുന്നതിന് കോഴ്സ് പ്രാപ്തരാക്കും.
ജനപ്രതിനിധികള്‍ക്ക് തദ്ദേശസ്വയംഭരണ രീതികളിലും പ്രവര്‍ത്തന മേഖലകളിലും മികവ് ഉറപ്പുവരുത്തുന്ന പാഠ്യ പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.
പാഠ്യ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ ജോയ് ഇളമണ്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ്, ഇന്നവേഷന്‍ ആന്റ് ടെക്നോളജി വൈസ് ചാന്‍സിലര്‍ ഡോ സജി ഗോപിനാഥ്, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പി എം മുബാറക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ എസ് വി സുധീര്‍, രജിസ്ട്രാര്‍ ഡോ പി എന്‍ ദിലീപ്, ഡോ വിനോദ്, ഡോ ഷേര്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു.










