സമര പോരാട്ടങ്ങളുടെ സ്മൃതിയുണര്‍ത്തി പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം

post

കണ്ണൂര്‍: സ്വാതന്ത്ര്യ സമര പോരാട്ട വഴികളില്‍ കൊടിയ മര്‍ദ്ദനങ്ങളുടെയും  പീഡനങ്ങളുടെയും ചോരപ്പാടുകള്‍ പതിഞ്ഞ  പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷനിലെ ഇരുളറകള്‍ ഇനി ഗാന്ധി ചിത്രങ്ങളാല്‍ പ്രകാശമാനമാകും. ദേശീയ പ്രസ്ഥാനത്തിനായി പൊരുതിയ വിപ്ലവകാരികളുടെ മുദ്രാവാക്യങ്ങളും നിലവിളികളും വ്യഥകളും ഏറ്റുവാങ്ങിയ ചുമരുകളില്‍ ശാന്തിയുടെ അഹിംസാ മന്ത്രങ്ങള്‍  മുഴങ്ങും. സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും ഒട്ടേറെ ചെറുത്തുനില്‍പ്പുകള്‍ക്കും സാക്ഷിയായ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഇനി മുതല്‍  ഗാന്ധിസ്മൃതി മ്യൂസിയമെന്നറിയപ്പെടും.  ബ്രിട്ടീഷ് കാവല്‍ പട്ടാളത്തെ വെല്ലുവിളിച്ച് സ്വാതന്ത്ര്യ സമര പോരാളികള്‍ യൂണിയന്‍ ജാക്ക് വലിച്ചു താഴ്ത്തി ദേശീയ പതാക ഉയര്‍ത്തി കെട്ടിയ അതേ പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിലാണ് സഹന സമരങ്ങള്‍ക്ക് പുത്തന്‍മാനം നല്‍കിയ മാഹാത്മാഗാന്ധിയുടെ പേരിലുള്ള സ്മൃതി മ്യൂസിയം യാഥാര്‍ഥ്യമാകുന്നത്. ഗാന്ധിജിയുടെ ഓര്‍മ്മകള്‍ക്കൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പയ്യന്നൂരെന്ന കൊച്ചുഗ്രാമം നടത്തിയ സമാനതകളില്ലാത്ത ഇടപടെലുകളുടെ ചരിത്രവും മ്യൂസിയം നമുക്ക് പറഞ്ഞു തരും.

ഒരുങ്ങുന്നത് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ മ്യൂസിയം

ദേശീയതലത്തില്‍ നടന്ന ചരിത്രപ്രധാനമായ ഉപ്പുസത്യാഗ്രഹത്തിന് കേരളത്തില്‍ വേദിയായത് പയ്യന്നൂരായിരുന്നു. രണ്ടാം ബര്‍ദോളി എന്നറിയപ്പെട്ട പയ്യന്നൂരിന് ദേശീയ പ്രസ്ഥാനത്തിലും സമരത്തിലും കര്‍ഷക പ്രക്ഷോഭങ്ങളിലും ഉള്ള പങ്ക് ചെറുതല്ല. കോളനി വാഴ്ചയ്ക്കും കൊടിയ ചൂഷണത്തിനുമെതിരായ പയ്യന്നൂരിന്റെ ചെറുത്തുനില്‍പ്പുകളുടെയും സമരപോരാട്ടങ്ങളുടെയും ചരിത്രം അനാവരണം ചെയ്യുകയാണ് ഈ മ്യൂസിയം. 1934 ജനുവരി 12ന് പയ്യന്നൂരിലെത്തിയ മഹാത്മാഗാന്ധി അയിത്തോച്ചാടനത്തിന്റെ ഭാഗമായി സ്വാമി ആനന്ദതീര്‍ത്ഥനെ സന്ദര്‍ശിക്കുകയും ശ്രീനാരായണ വിദ്യാലയം വളപ്പില്‍ മാവിന്‍തൈ നടുകയും ചെയ്തിരുന്നു.  ആദ്യഘട്ടമെന്ന നിലയിലാണ് പഴയ പൊലീസ് സ്റ്റേഷനില്‍ ഗാന്ധി സ്മൃതി മ്യൂസിയം സജ്ജീകരിച്ചത്.  ദണ്ഡിയാത്രയുടെ മാതൃകയില്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിനു സാക്ഷ്യം വഹിച്ച ഉളിയത്തുകടവും, ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി മാവും ഖാദി കേന്ദ്രവും സൈറ്റ് മ്യൂസിയമായി മാറും.  മഹാത്മഗാന്ധിയുടെ 150ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി പുരാവസ്തു പുരാരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം ജനുവരി 16ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിക്കും. ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ  രണ്ടാമത്തെയും സര്‍ക്കാര്‍ മ്യൂസിയമാണ് പയ്യന്നൂരില്‍ ഒരുങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ ഗാന്ധി സൈറ്റ്  മ്യൂസിയവും ഒരുക്കും. പയ്യന്നൂരില്‍ ഗാന്ധി സന്ദര്‍ശിച്ച ശ്രീനാരായണ വിദ്യാലയം, ഖാദി കേന്ദ്രം, ഉളിയത്ത് കടവ്, അന്നൂര്‍ കസ്തൂര്‍ബാ മന്ദിരം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ഗാന്ധി സൈറ്റ് മ്യൂസിയം ഒരുക്കുക.

1910ല്‍ ഇന്തോ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ ഗാന്ധിമ്യൂസിയമാക്കി  മാറ്റുന്നതിന്  2.44 കോടി രൂപയാണ് അനുവദിച്ചത്. കേരള പുരാവസ്തു വകുപ്പിന്റെ പദ്ധതി ഫണ്ടില്‍ നിന്ന് തുക വിനിയോഗിച്ച്  ഒരു വര്‍ഷം കൊണ്ടാണ് മ്യൂസിയം ഒരുക്കിയത്. പയ്യന്നൂരിലെ പഴയ തലമുറയില്‍പ്പെട്ട ആളുകളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയുള്ള  ജനകീയകൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചരിത്രപ്രാധാന്യമുള്ള രേഖകളും പുരാവസ്തുക്കളും  ശേഖരിക്കുകയും  ചെയ്തു. സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഒന്നേകാല്‍കോടി രൂപ ചെലവിലാണ് പൊലീസ് സ്റ്റേഷന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

സന്ദര്‍ശകരെ കാത്ത് ഇന്നലെയുടെ നാള്‍വഴികള്‍

ഒരുകാലഘട്ടത്തിന്റെ ചരിത്രം  ആര്‍ക്കും എളുപ്പം മനസിലാക്കാന്‍ കഴിയും വിധമാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നേരത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച പൊലീസ് സ്റ്റേഷനിലെ വിവിധ സെല്ലുകളിലായി ഗാന്ധിജി കേരളത്തില്‍ എത്തിയതിന്റെ നാള്‍വഴികള്‍, പയ്യന്നൂരിലെ ഉപ്പു സത്യാഗ്രഹം, ക്വിറ്റ്ഇന്ത്യ സമരം, പട്ടിണി ജാഥ, അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍, ഗാന്ധിജിയുടെ പയ്യന്നൂര്‍ സന്ദര്‍ശനം തുടങ്ങിയവയുടെ സചിത്ര വിവരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഗാന്ധി പ്രതിമകള്‍, ഗാന്ധിജി ഉപയോഗിച്ച വസ്തുക്കളുടെ മാതൃകകള്‍, ഗാന്ധിജിയുടെ അപൂര്‍വ ഫോട്ടോകള്‍, രേഖാചിത്രങ്ങള്‍, ഗാന്ധിജിയെക്കുറിച്ചുള്ള പ്രമുഖരുടെ വാക്കുകള്‍ തുടങ്ങിയവയും ഇവിടെ വേറിട്ട രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്‍ ഇ ഡി പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള സ്റ്റുഡിയോ സംവിധാനങ്ങളും മ്യൂസിയത്തിന്റെ പ്രത്യേകതകളാണ്. മലബാറിലെ കര്‍ഷക പോരാട്ടങ്ങളായ കരിവെള്ളൂര്‍, മുനയന്‍കുന്ന്, കോറോം, സമരങ്ങളുടെ സമ്പൂര്‍ണ്ണ വിവരണങ്ങള്‍, പഴയകാല കാര്‍ഷികോപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും  ഈ മ്യൂസിയം വലിയ മുതല്‍ക്കൂട്ടാവും. തിങ്കള്‍ ഒഴികെ എല്ലാ ദിവസങ്ങളിലും മ്യൂസിയം പ്രവര്‍ത്തിക്കും.

ഗാന്ധിജിയുടെ സന്ദര്‍ശനം പയ്യന്നൂരിലുണ്ടാക്കിയ മാറ്റവും മലബാറിലുണ്ടായ കര്‍ഷക, സ്വാതന്ത്ര്യപോരാട്ടങ്ങളുടെ യഥാര്‍ഥ ചരിത്രവും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഈ മ്യൂസിയം. പതിവു രീതികളില്‍ നിന്നും മാറി, സന്ദര്‍ശകരുമായി സംവദിക്കുന്ന, കഥ പറയുന്ന മ്യൂസിയമാണ് പയ്യന്നൂരില്‍  ഒരുക്കിയതെന്ന് കേരളം ചരിത്ര പൈതൃകം മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ചന്ദ്രന്‍ പിള്ള പറയുന്നു. മ്യൂസിയങ്ങള്‍ നേരമ്പോക്കിനുള്ള ഇടങ്ങളല്ല, മറിച്ച് പഠന കേന്ദ്രങ്ങളായി മാറ്റുകയാണ് തീമാറ്റിക് മ്യൂസിയങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പയ്യന്നൂര്‍ പഴയ പൊലീസ് സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സി കൃഷ്ണന്‍  എം എല്‍ എ അധ്യക്ഷനാകും.  രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, നഗരസഭ അധ്യക്ഷ കെ വി ലളിത, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ മുഖ്യാതിഥികളാകും.