കല്ല്യാശേരി സോക്കർ ലീഗ്: എംഎൽഎ കപ്പ് ബ്ലാക്ക് കോബ്ര പഴയങ്ങാടിക്ക്
കല്ല്യാശേരി സോക്കർ ലീഗ് കെ എസ് എൽ എംഎൽഎ കപ്പ് മത്സരത്തിൽ ബ്ലാക്ക് കോബ്ര പഴയങ്ങാടി ജേതാക്കളായി. നിക്ഷാൻ അമൽ ഹോളിഡേയ്സ് എ.എഫ്.സി കുഞ്ഞിമംഗലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. ബ്ലാക്ക് കോബ്ര പഴയങ്ങാടിയുടെ ആദിത്യനാണ് വിജയഗോൾ നേടിയത്.
ടൂർണമെന്റ് ചാമ്പ്യൻമാർക്ക് മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് സ്പോൺസർ ചെയ്ത എംഎൽഎ കപ്പ് റോളിംഗ് ട്രോഫിയും കണ്ണപുരം പൊയ്യിൽ കാർത്യായനി അമ്മയുടെ സ്മരണക്കായി ഏർപ്പെടുത്തിയ 50,000 രൂപ പ്രൈസ് മണിയും വാട്സ്ആപ് കൂട്ടായ്മയായ വോയിസ് ഓഫ് കല്ല്യാശ്ശേരി സ്പോൺസർ ചെയ്യുന്ന സ്ഥിരം ട്രോഫിയും എം വിജിൻ എം എൽ എ സമ്മാനിച്ചു. മികച്ച കളിക്കാരനായി അമൽ ഹോളിഡെയ്സിന്റെ മുഫീദിനെയും മാൻ ഓഫ് ദ മാച്ചായി ബ്ലാക്ക് കോബ്രയുടെ ആദിത്യനെയും മികച്ച ഗോൾകീപ്പറായി നവനീതിനെയും തെരഞ്ഞെടുത്തു. റണ്ണറപ്പായ നിക്ഷാൻ അമൽ ഹോളിഡേയ്സ് എ.എഫ്.സി കുഞ്ഞിമംഗലത്തിന് എരിപുരം യൂണിക് ഫ്യൂവൽ സ്റ്റേഷൻ സ്പോൺസർ ചെയ്ത 25,000 രൂപ പ്രൈസ് മണിയും ട്രോഫിയുമാണ് ലഭിച്ചത്.
ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോളർ സി.കെ വിനീത്, മുൻ എം എൽ എ ടി.വി രാജേഷ് എന്നിവർ മുഖ്യാതിഥികളായി. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.വി രാധാകൃഷ്ണൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ, ജില്ലാപഞ്ചായത്ത് അംഗം എം.വി ഷിമ, എം.വി രാജീവൻ, കെ.സി തമ്പാൻ മാസ്റ്റർ, എം. ശ്രീധരൻ, റിട്ടയർഡ് ഡിവൈഎസ്പി അഷ്റഫ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
സംഘാടക സമിതി കൺവീനർ കെ രഞ്ജിത്ത് മാസ്റ്റർ, പി ജനാർദനൻ, പ്രശാന്ത് മുത്തത്ത്, എസ്.വി നിസാർ, മുഹമ്മദലി, പള്ളിക്കര അമീർ മാടായി, ടി.വി മുഹമ്മദ്, യു നിധിൻ, റഹ്മാൻ പുതിയങ്ങാടി, എസ്.വി ബാസിത്, വിനോദ് ശ്രീകണ്ഠ, ടാർസൻ മാടായി, വി സിയാസ് എന്നിവർ നേതൃത്വം നൽകി.
കല്ല്യാശ്ശേരി മണ്ഡലത്തിലെ എട്ട് ടീമുകളാണ് ജനുവരി 23 മുതൽ പഴയങ്ങാടി റെയിൽവേ ഫ്ളഡ് ലൈറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. ഒരു ടീമിൽ മൂന്ന് ഫുട്ബോൾ താരങ്ങൾ കല്യാശ്ശേരി മണ്ഡലത്തിൽ നിന്നുള്ളവരായിരിക്കണമെന്ന നിബന്ധനയോടെ ലേലത്തിലൂടെയാണ് താരങ്ങളെ കണ്ടെത്തിയത്. ബ്ലാക്ക് കോബ്രാസ്, പഴയങ്ങാടി, മലബാർ എഫ്.എ കല്ല്യാശ്ശേരി, എം.വൈ.ടി കടന്നപ്പള്ളി, മാട്ടൂൽ സ്പോർട്സിറ്റി, സാഗ്യു യൂത്ത് മാട്ടൂൽ, എഫ്.സി മുട്ടിൽ, നാട്ടരങ്ങ് പാടിയിൽ, യുനീക്ക് സ്പോർട്സ് സെന്റർ എരിപുരം, ടൗൺ ടീം പഴയങ്ങാടി, അമൽ ഹോളിഡേയ്സ്, എ.എഫ്.സി കുഞ്ഞിമംഗലം എന്നീ ടീമുകളാണ് കപ്പിനായുള്ള പോരാട്ടത്തിൽ അണിനിരന്നത്.
ലഹരിക്കെതിരായി കായിക മേഖലയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം വിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ കപ്പ് ആവിഷ്‌ക്കരിച്ചത്.









