ജില്ലയില്‍ ആദ്യ ബാലസൗഹൃദ നഗരസഭയാകാന്‍ പയ്യന്നൂര്‍

post

ബാല സൗഹൃദ കേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കണ്ണൂര്‍: കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ടെന്നും അക്കാര്യം നിര്‍വഹിക്കാന്‍ പൊതുസമൂഹം തയ്യാറാകണമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. ബാല സൗഹൃദ കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ നിത്യേന ഏറി വരുന്ന കാലമാണിത്. അതിക്രമങ്ങളുണ്ടായാല്‍ അതിനുത്തരവാദികള്‍  കുട്ടികളാണെന്ന പൊതുബോധമാണ് സമൂഹത്തെ നയിക്കുന്നത്. ഇത് മാറ്റിയെടുക്കാനുള്ള ഇടപെടലാണ് കമ്മീഷന്‍ നടത്തുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണമാണാവശ്യം. അത് നടത്താന്‍ കഴിയണം. ഓരോ കുട്ടിയും വ്യത്യസ്തനാണ്. അവരിലെ വ്യത്യസ്തതകള്‍ കണ്ടെത്തി പോഷിപ്പിക്കുമ്പോഴാണ് സമൂഹത്തിന് ചലനാത്മകത ഉണ്ടാകുന്നതെന്നും കുട്ടികളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വ്യക്തിപരമായും കൂട്ടായും ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ സമൂഹത്തിന് സാധിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

കുട്ടികള്‍ സുരക്ഷിതരായിരിക്കുവാനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബാല സൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുനിസിപ്പാലിറ്റി - പഞ്ചായത്ത് - വാര്‍ഡ് തല ബോധവല്‍ക്കരണവും ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണവും സംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ ഉള്ളവര്‍ക്കും പൊലിസ് സേനയിലെ ഉദ്യോസ്ഥര്‍ക്കും ആവശ്യമായ പരിശീലനം നല്‍കും. ചേസ് (CHASE) ചൈല്‍ഡ് ഹെല്‍ത്ത് ആന്റ് സേഫ്റ്റി എം പവര്‍മെന്റ് എന്ന പേരിലാണ് പദ്ധതി. എന്‍ഗേജ്, എക്സ്പ്ലേന്‍, എജുക്കേറ്റ്, എന്‍ഫോഴ്സ്  എന്നിങ്ങനെ നാല് ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് CHASE പ്രവര്‍ത്തനം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഓരോ പഞ്ചായത്തുകളെ തെരഞ്ഞെടുത്ത് ഫെബ്രുവരി നാല് വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുക.

പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, ഉപാധ്യക്ഷന്‍ പി വി കുഞ്ഞപ്പന്‍, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളദേവി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം പി സി വിജയരാജന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയംഗം സിസിലി ജെയിംസ്, വനിത ശിശുവികസന ഓഫീസര്‍ ദേന ഭരതന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ വി രജിഷ, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴിക്കോടന്‍ ചന്ദ്രന്‍, ശിശുക്ഷേമ സമിതി സെക്രട്ടറി പി സുമേശന്‍ മാസ്റ്റര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ജിത്ത് തോമസ്, നഗരസഭ സെക്രട്ടറി കെ ആര്‍ അജി തുടങ്ങിയവര്‍ സംസാരിച്ചു.

ബാല സൗഹൃദ കേരളം: സമൂഹത്തിന്റെ ഉത്തരവാദിത്തം എന്ന വിഷയത്തില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ എ വി രത്നകുമാര്‍ വിഷയാവതരണം നടത്തി. വിദ്യാലയങ്ങള്‍ ശിശു സൗഹൃദമാക്കേണ്ടതിന്റെ ആവശ്യകത, വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി വിജയകുമാറും, ബാല സൗഹൃദ തദ്ദേശ സ്വയംഭരണത്തിലേക്ക് എന്ന വിഷയത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ശ്യാമള ദേവിയും ക്ലാസെടുത്തു.