സര്‍ഗോത്സവം 2025; ആവേശമുയര്‍ത്തി ജേനു കുറുമരുടെ നാടന്‍ പാട്ട്

post

കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന സര്‍ഗോത്സവത്തിലെ പരമ്പരാഗത ഗാന മത്സരത്തില്‍ കാട്ടുനായ്ക വിഭാഗത്തിലെ ജേനു കുറുമരുടെ നാടന്‍ പാട്ടും. പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള സര്‍ഗോത്സവത്തിന്റെ പ്രധാന വേദിയില്‍ ചടുല താളത്തിനൊപ്പം തനതു ഭാഷാ ശീലുകളും ചേര്‍ത്ത് കുട്ടികള്‍ പാടിയപ്പോള്‍ കാണികളും ആവേശഭരിതരായി. വയനാട് നല്ലൂര്‍നാട് എം ആര്‍ എസ്സിലെ കുട്ടികളാണ് ജേനു കുറുമര്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിനോടുബന്ധിച്ച് പാടുന്ന പാട്ടുകളും ആഘോഷ വേളകളില്‍ പാടുന്ന ജോട്ടി പാട്ടുകളും കോര്‍ത്തിണക്കി മത്സരത്തിനെത്തിയത്.

കാട്ടുനായ്കരുടെ തനത് വാദ്യോപകരണങ്ങളായ ജോഡുമറ, ദംബട്ട, ബുരുഡെ, ഗെജ്ജെ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികള്‍ ഗാനം അവതരിപ്പിച്ചത്. കേരളത്തിലെ ഒട്ടുമിക്ക ആദിവാസി ഗ്രോത്രങ്ങളുടെയും പരമ്പരാഗത ഗാനങ്ങള്‍ മത്സരത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.


അന്യം നിന്നു പോകുന്ന ഗോത്ര ഭാഷകളും, സംസ്‌കാരിക അടയാളങ്ങളും, വസ്ത്രധാരണ രീതികളും പ്രതിഫലിപ്പിച്ചാണ് ഇവര്‍ മത്സരിക്കാനെത്തിയത്. വിവിധ ഗോത്രങ്ങള്‍ ഉപയോഗിക്കുന്ന തനത് വാദ്യോപകരണങ്ങളും മത്സരത്തിന്റെ ഭാഗമായി. ഗോത്രകലകളെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള അപൂര്‍വ്വ അവസരമായി മാറിയിരിക്കുകയാണ് സര്‍ഗോത്സവം 2025.