ചരിത്ര കോണ്‍ഗ്രസ്സില്‍ ശ്രദ്ധേയമായി ഉള്‍കാഴ്ച കൊണ്ട് എഴുതിതരുന്ന അക്ഷരങ്ങള്‍

post

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ വേദിയായ ധര്‍മ്മടം ഗവ. ബ്രണ്ണന്‍ കോളേജില്‍ ഉള്‍ക്കണ്ണിന്റെ കാഴ്ചയാല്‍ ചുറ്റും പ്രകാശം പരത്തുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ബ്രെയില്‍ ലിപി ഉപയോഗിച്ച് പേരുകള്‍ എഴുതി കൊടുത്തും തൊട്ടുകാണിച്ചും അവരുടെ ജീവിതത്തില്‍ എഴുതാനും പഠിക്കാനും വിനോദത്തിനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവര്‍. നീരജ, നൗഷിഫ്, മുഹമ്മദ് ഇര്‍ഫാന്‍, ഫാത്തിമ ഹന, ഫാത്തിമ ഫബ, സുബിന്‍, മുഹമ്മദ് ഫായിസ്, അനസ് തുടങ്ങിയ വിദ്യാര്‍ഥികളാണ് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഭാഗമായത്. ബിരുദം, ബി എഡ് തുടങ്ങി വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്ന സംഘടനയിലെ വിദ്യാര്‍ഥി പ്രതിനിധികളാണ് ഇവര്‍.

ബ്രെയില്‍ ലിപിയുടെ അക്ഷരമാല, യാത്രകളില്‍ ഉപയോഗിക്കുന്‍ സാധിക്കുന്ന നോട്ട്പാഡ്, അത്യാധുനിക ബ്രെയില്‍ ലിപികള്‍ തുടങ്ങി കാഴ്ച പരിമിതിയുള്ളവര്‍ ഉപയോഗിക്കുന്ന 15 ലധികം വ്യത്യസ്ഥ ഉപകരണങ്ങളാണ് പരിചയപ്പെടുത്തുന്നത്. അതോടൊപ്പം വൈക്കം മുഹമ്മദ് ബഷീറിന്റെ

വിശ്വവിഖ്യാതമായ മൂക്ക്, കെ വി ഡോമനിക്കിന്റെ ടെല്‍സ് ഓഫ് എത്തിക്ക്‌സ് എന്നീ കൃതികളുടെ ബ്രെയില്‍ ലിപി പതിപ്പും ഇവരുടെ പക്കലുണ്ട്. പഠിക്കാനും എഴുതാനും മാത്രമല്ല വിനോദത്തിനായി ചെസ്സ്, ലുഡോ, ഏണിയും പാമ്പും, ഡോമിനോസ്, കാഴ്ച പരിമിതര്‍ ഉപയോഗിക്കുന്ന ക്രിക്കറ്റ് ബോള്‍ തുടങ്ങിയ വിനോദ ഉപകരണങ്ങളും പരിചയപ്പെടാം. ഉപജീവന മാര്‍ഗ്ഗത്തിനായി കുട നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന അനസ് എന്ന വിദ്യാര്‍ഥിയും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.