ആലപ്പുഴയിൽ ചൊവ്വാഴ്ച ഡെങ്കി ഹർത്താൽ

post

 ആലപ്പുഴ: ജില്ലയിൽ മെയ് 18 ന്ഡെങ്കി ഹർത്താൽ ആചരിക്കും. ഡെങ്കിപ്പനി പടരാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഡോ. രേണു രാജിൻറെ അധ്യക്ഷതയിൽ ചേർന്ന ഇന്റർ സെക്ടർ യോഗത്തിലാണ് തീരുമാനം. വീടുകൾ, സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഡെങ്കി ഹർത്താലിന്റെ ഭാഗമായി ഉറവിട നശീകരണം നടത്തണം.

വീടുകളിൽ അലങ്കാരച്ചെടികൾ വച്ചിരിക്കുന്ന പാത്രങ്ങൾ, വെള്ളം ശേഖരിച്ച വയ്ക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, വീടിനു പുറത്തെ ടെറസ്, സൺഷെയ്ഡ്, വെള്ളം ഒഴുകുന്ന പാതകൾ, വീടിനു ചുറ്റുമുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ, ജല സംഭരണികൾ എന്നിവ കൂത്താടി വിമുക്തമാണെന്ന് ഉറപ്പു വരുത്തണം. സ്വകാര്യ, സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉള്ളിലും പുറത്തും മഴവെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.

കെട്ടിട നിർമാണ സ്ഥലങ്ങളിലെ വെള്ളം സംഭരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങളിലും കെട്ടിടങ്ങളിലും കെട്ടി നിൽക്കുന്ന വെള്ളത്തിലും കൂത്താടിയില്ലെന്ന് ഉറപ്പാക്കണം. ഇതിന് പുറമേ എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളുകൾ, ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ, ഞായറാഴ്ചകളിൽ വീടുകൾ എന്നിവിടങ്ങളിൽ ഡ്രൈഡേ ആചരിക്കണം.