ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കുകള്‍ ശക്തമാക്കുന്നു

post

കൊല്ലം :  മുന്‍കരുതലുകള്‍ എടുക്കാതിരുന്നാല്‍ കോവിഡ് മരണനിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് സംയോജിത രോഗനിരീക്ഷണ വിഭാഗം നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. മരണ നിരക്ക് ഏറ്റവും ഉയര്‍ന്ന നില്‍ക്കുന്നത് 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്, 2.56 ശതമാനം. 7180 പ്രായമുള്ളവരില്‍ മരണനിരക്ക് 2.25 ശതമാനം. 61 മുതല്‍ 70 വരെ പ്രായമുള്ളവരില്‍ 1.06 ശതമാനമാണിത്. 3160 ഇടയിലുള്ളവരില്‍ 0.22 ശതമാനവും 30 വയസില്‍ താഴെയുള്ളവരില്‍ മരണ നിരക്ക് കേവലം 0.03 ശതമാനവുമാണ്. എല്ലാ വിഭാഗത്തിലും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയം, കിഡ്‌നി സംബന്ധമായ മറ്റു മാരക രോഗങ്ങള്‍ ഉള്ളവരിലും മരണ നിരക്ക് താരതമ്യേന ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവിതശൈലി രോഗനിയന്ത്രണ ക്ലിനിക്കുകള്‍(എന്‍ സി ഡി) കൂടുതല്‍ ശക്തമാക്കുവാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒ പി വിഭാഗത്തില്‍ പ്രത്യേക പരിഗണന നല്‍കി ക്യൂ നില്‍ക്കാതെ തന്നെ മരുന്നുകള്‍ ലഭ്യമാക്കും. യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇസഞ്ജീവനി ടെലിമെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ഇസഞ്ജീവനി പോര്‍ട്ടലിലോ മൊബൈല്‍ ഫോണ്‍ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്ത് രോഗ വിവരങ്ങള്‍ മലയാളത്തില്‍ പറയാവുന്നതുമാണ്. വിദഗ്ധ ഡോക്ടറില്‍ നിന്നും നിര്‍ദേശങ്ങള്‍ ലഭിക്കുകയും കുറിപ്പടി ഡൗണ്‍ലോഡ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം. തിരക്കുള്ള സമയമാണെങ്കില്‍ നിശ്ചിത സമയം കഴിഞ്ഞ് തിരികെ വിളിച്ച് രോഗവിവരങ്ങള്‍ ആരാഞ്ഞു മരുന്നുകള്‍ക്കുള്ള കുറിപ്പടി ലഭ്യമാക്കും. ഒരു മാസത്തേക്കുള്ള മരുന്ന് ക്ലിനിക്കുകളില്‍ നിന്ന് ഒരുമിച്ച് വാങ്ങാം. പൂര്‍ണമായും സൗജന്യമായ ഈ സേവനങ്ങള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ഡി എം ഒ അറിയിച്ചു.