ജില്ലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന് ആരംഭിക്കും

post

മലപ്പുറം: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിന് ജില്ലയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നിയമസഹായ ക്ലിനിക്കുകള്‍ ജനുവരി 13ന്  ആരംഭിക്കും. സബ് കലക്ടര്‍, ആര്‍.ഡി.ഒ എന്നിവരുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായുള്ള ക്ലിനിക്കുകളാണ് ആരംഭിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി, നിയമസഹായം, നീതി ലഭിക്കാനാവശ്യമായിട്ടുള്ള വക്കീലിനെ ഏര്‍പ്പെടുത്തി കൊടുക്കുക എന്നുള്ളതാണ് നിയമസഹായ ക്ലിനിക്കുകളുടെ പ്രധാന ലക്ഷ്യം. ക്ലിനിക്കില്‍ ഒരു പാരാ ലീഗല്‍ വളന്റിയറും, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും, താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും തീരുമാനിക്കുന്ന പാനലില്‍ നിന്ന് അഡ്വക്കേറ്റുമാരും ഉണ്ടായിരിക്കും. പാരാ ലീഗല്‍ വളന്റിയര്‍മാരുടെ സേവനം രാവിലെ 10  മുതല്‍ അഞ്ചു വരെയായിരിക്കും.ആഴ്ചയില്‍ രണ്ട് തവണ (തിങ്കള്‍,ബുധന്‍) ഇത്തരത്തില്‍ ലീഗല്‍ സര്‍വീസസ് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ട നിയമ സഹായം ലഭ്യമാക്കുന്നതിലേക്ക് കെട്ടിടത്തിന്റെ താഴത്തേ നിലയില്‍ തന്നെ സൗകര്യം ചെയ്യും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ്  നിയമ സഹായ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. നിയമസഹായ ക്ലിനിക്ക് ആരംഭിച്ചതിന് ശേഷം എല്ലാ മാസവും തഹസില്‍ദാര്‍മാരുടെ റിവ്യൂ മീറ്റിങ്  സബ് കലക്ടര്‍, ആര്‍.ഡി.ഒ നടത്തുകയും  റിപ്പോര്‍ട്ട് കലക്ടറേറ്റില്‍  സമര്‍പ്പിക്കും. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ധിച്ച സാഹചര്യത്തിലാണ് നിയമ സഹായ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.   അവര്‍ക്ക് വേണ്ട നിയമസഹായം  ഏര്‍പ്പെടുത്തിയാല്‍  ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി കുറക്കാമെന്നതിനാലാണ് ഇത്തരത്തില്‍ ക്ലിനിക്കുകള്‍ ജില്ലയില്‍  ആരംഭിക്കുന്നത്.