പകർച്ചവ്യാധി: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

post

കടുത്ത വേനല്‍ മൂലം മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം അനുഭവപ്പെടുകയും അന്തരീക്ഷ താപനില വളരെ കൂടുകയും ചെയ്ത സാഹചര്യത്തിൽ ജലജന്യ രോഗങ്ങളെയും മറ്റു പകർച്ചവ്യാധികളെയും തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേരുകയും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യവകുപ്പുമായി സഹകരിച്ച് ഓരോ വകുപ്പുകളും നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികൾക്കും നിർദേശങ്ങൾ നൽകി. റംസാൻ വ്രതാനുഷ്ഠാനകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിനും പ്രത്യേക ശ്രദ്ധ പുലർത്തുന്നതിനായി സാമൂഹിക മാധ്യമങ്ങൾ വഴിയും പത്രമാധ്യമങ്ങൾ വഴിയും പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. രോഗപ്രതിരോധ മാർഗങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് വഴി ആരാധനാലയങ്ങൾ, പള്ളികൾ, അമ്പലങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ കൂടുന്ന പ്രത്യേക പ്രാർത്ഥന സമയങ്ങളിലും ദിവസങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങളെ കേൾപ്പിക്കുന്നതിനായി തയ്യാറാക്കിയ ആരോഗ്യ സന്ദേശങ്ങൾ നൽകി.

പഞ്ചായത്തുകളുമായി സഹകരിച്ച് പ്രത്യേക ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ കടകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലും മറ്റു ഭക്ഷണ വിതരണം നടത്തുന്ന സ്ഥലങ്ങളിലും ബോധവൽക്കരണ സന്ദേശങ്ങളും ശുചിത്വ പരിശോധനകളും നടത്തുന്നുണ്ട്. വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിനായി ബോധവൽക്കരണ ക്ലാസുകളും മൈക്ക് അനൗൺസ്മെന്റുകളും നോട്ടീസ് പ്രചരണങ്ങളും നടത്തുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.