കെ എം എം എല്‍ ന് വാഗ്ദാനങ്ങളുമായി മന്ത്രി ജയരാജന്‍
 
                                                കൊല്ലം : കെ എം എം എല്ലിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ മണ്ണ് കൂടുതല്‍  സംഭരിക്കും. 235 പേര്‍ക്ക് പുതിയതായി നിയമനം നല്‍കും, ശമ്പള വര്‍ധനവ് പരിഗണിക്കും, ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നല്‍കിയ വാഗ്ദാനം പാലിക്കും. കെ എം എം എല്ലില്‍ ഇന്നലെ(ജനുവരി 6) നടന്ന ടി പി എച്ച് പ്രഷര്‍ ഫില്‍റ്റര്‍ ആന്റ് സ്പിന്‍ ഫ്‌ലാഷ് ഡ്രയര്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനോദ്ഘാടനത്തിനെത്തിയ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നല്‍കിയ വാഗ്ദാനങ്ങളാണിവ.
തൊഴിലാളികള്‍ ഉള്‍പ്പെടെ കേട്ടിരുന്ന സദസ് ഹര്‍ഷാരവത്തോടെയാണ് മന്ത്രിയുടെ വാക്കുകള്‍ എതിരേറ്റത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ അധ്യക്ഷത വഹിച്ചു. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് സംഭരിച്ച മണ്ണ് കമ്പനിയുടെ പ്രവര്‍ത്തനത്തിന് സഹായകമാകുന്നുണ്ട്. തുടര്‍ന്നും മണ്ണ് സംഭരിക്കുന്ന പ്രവര്‍ത്തനം നടത്തും. നൂറുദിന പരിപാടിയില്‍ ലക്ഷ്യമിട്ടതിലും അധികം പേര്‍ക്ക്, 26000 തൊഴില്‍, വ്യവസായ വകുപ്പ് നല്‍കി കഴിഞ്ഞു. ചവറ കെ എം എം എല്ലില്‍ 235 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കും. സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച ചിറ്റൂര്‍ നിവാസികളുടെ പരാതി പരിഗണിച്ച് അവര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കും. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ വിവിധ വകുപ്പുകളില്‍ സ്ഥിരപ്പെടുത്താന്‍ നടപടിയെടുക്കുന്നതായും മന്ത്രി പറഞ്ഞു.
കെ എം എം എല്‍ മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശു സ്ഥലത്ത് കൃഷി നടത്തിയത് ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ കമ്പനി പുരോഗമിക്കുകയാണ്. പ്രളയവും കോവിഡും അതിജീവിച്ച് കമ്പനി ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞത് തൊഴിലാളികളുടെ പ്രവര്‍ത്തനവും സഹകരണം കൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാനേജിങ് ഡയറക്ടര്‍ ചന്ദ്രബോസ് ജെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെ എം എല്‍ ചെയര്‍മാനുമായ ഡോ കെ ഇളങ്കോവന്‍, തൊഴിലാളി യൂണിയന്‍ നേതാക്കളായ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, എന്‍ പത്മലോചനന്‍, എ നവാസ്, എസ് ജയകുമാര്‍, മനോജ് മോന്‍, സന്തോഷ്, ഗോപന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമറ്റഡിന്റെ ഉത്പാദന പ്രക്രീയയിലെ നിര്‍ണ്ണായക ചുവടുവെയ്പ്പായ ആധുനിക പ്രഷര്‍ ഫില്‍റ്റര്‍, സ്പിന്‍ ഫ്‌ലാഷ് ഡ്രയറിന് പ്രതീക്ഷിക്കുന്ന നിര്‍മാണ ചെലവ് 65 കോടി രൂപയാണ്. പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ ടൈറ്റാനിയം ഡയോക്‌സൈഡ് പൂര്‍ത്തീകരണ പ്ലാന്റിന്റെ ശേഷി പുതിയ 5 ടി പി എച്ച് പ്രഷര്‍ ഫില്‍റ്റര്‍ ആന്റ് സ്പിന്‍ ഫഌഷ് ഡ്രയര്‍ സംവിധാനം നിലവില്‍ വരുന്നതോടെ പ്രതിവര്‍ഷം 60000 ടണ്ണിന് അനുയോജ്യമായി മാറും.
നിലവിലെ സ്റ്റീം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ കാലപ്പഴക്കം കൊണ്ടുണ്ടായ സാങ്കേതിക തകരാറുകള്‍ ഉത്പാദനക്ഷമതയെ സാരമായി ബാധിച്ചു. ഇതിന് പരിഹാരമായാണ് എല്‍ എന്‍ ജി/എല്‍ പി ജി ഇന്ധമായി ഉപയോഗിക്കുന്ന പുതിയ സംവിധാനം. ഇതിലൂടെ മണിക്കൂറില്‍ 700 ലിറ്റര്‍ ജലവും അത് ആവിയാക്കാനുള്ള ഇന്ധനവും ലാഭിക്കാം. പ്രതിവര്‍ഷം 12 കോടിയോളം രൂപ ടൈറ്റാനിയം പിഗ്മെന്റ് ഉത്പാദന ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.










