അതിദാരിദ്ര്യമുക്ത ജില്ലയായി കൊല്ലം

post

കൊല്ലം ജില്ലയെ അതിദാരിദ്ര്യമുക്തമായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു.സംസ്ഥാന/തദ്ദേശ സര്‍ക്കാരുകളുടെ വിവിധമേഖലകളിലായിനടത്തിയ  നിരന്തരവും മികവുറ്റതുമായപ്രവര്‍ത്തനങ്ങളാണ് അതിദാരിദ്ര്യമുക്തിയെന്ന ചരിത്രനേട്ടത്തിന് സഹായകമായത് മന്ത്രി പറഞ്ഞു.

 ജില്ലയിലെ ചിലപഞ്ചായത്തുകള്‍, കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ പ്രഖ്യാപനംനടത്തി. പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കുക എന്നത് സാധ്യമാക്കാനായി. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ കൂടാതെ വരുമാനംഉറപ്പാക്കല്‍, ചികിത്സ-വിദ്യാഭ്യാസ സഹായം, സാമ്പത്തികസഹായം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.

ആകെ 4461 കുടുംബങ്ങളെയാണ് ജില്ലയില്‍ കണ്ടെത്തിയത്.  3973 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മുക്തമാക്കാനായി. മരണപ്പെട്ടവര്‍, അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, പട്ടികയില്‍ഇരട്ടിപ്പ് വന്നവര്‍ എന്നിങ്ങനെ 488 പേരെ ഒഴിവാക്കി. 2180 കുടുംബങ്ങള്‍ക്ക് ഭക്ഷണംഉറപ്പാക്കി. 2226 കുടുംബങ്ങള്‍ക്ക് ആരോഗ്യ  സേവനവും. 292 കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പാക്കി. 878 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടവും നിര്‍മിച്ച് നല്‍കിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ അധ്യക്ഷനായി. പദ്ധതി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അവതരിപ്പിച്ചു. കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോപ്ലാനുകള്‍ രൂപീകരിച്ച് അടിസ്ഥാന അവകാശ രേഖകളായ ആധാര്‍, ഇലക്ഷന്‍, റേഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി എന്നീ കാര്‍ഡുകള്‍ ലഭ്യമാക്കി. 2180 പേര്‍ക്ക് ഭക്ഷണവും, 1805 പേര്‍ക്ക് സൗജന്യ മരുന്നും ചികിത്സയും പാലിയേറ്റിവ് കെയറും ഉറപ്പാക്കി. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒരു ഗുണഭോക്താവിന് വൃക്കമാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തി. കുടുംബശ്രീയുടെ ഉജ്ജീവനം ക്യാമ്പയിന്‍ വഴി 292 ഇ. പി. ഇ. പി ഗുണഭോക്താക്കള്‍ക്ക് പെട്ടിക്കട,  തയ്യല്‍ മെഷീന്‍,  ലോട്ടറി വില്പന തുടങ്ങിയ വരുമാന മാര്‍ഗങ്ങള്‍ ഒരുക്കി കൊടുത്തു. 1767 കുട്ടികള്‍ക്ക് പഠനാവശ്യ യാത്രയ്ക്കായി കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയില്‍ സൗജന്യ യാത്ര പാസുകളും ഒപ്പം ബാഗുകളും പഠനോപകരണങ്ങളും ലഭ്യമാക്കി.  സുനാമി ഫ്‌ളാറ്റുകള്‍ ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചു.

ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍,  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി സി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ജയദേവി മോഹന്‍, ജില്ലയിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, മുനിസിപ്പാലിറ്റികളുടെ ചെയര്‍പേഴ്‌സ•ാര്‍,  കില കൊട്ടാരക്കര ഡെപ്യൂട്ടി ഡയറക്ടര്‍ കെ അനു, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ബി ശ്രീബാഷ്, പ്ലാനിങ് ഓഫീസര്‍ എം ആര്‍ ജയഗീത തുടങ്ങിയവര്‍ പങ്കെടുത്തു.