കൊല്ലം ജില്ലയിലെ 382 കുട്ടികള്‍ക്ക് പുതുജീവിതം നല്‍കി ഹൃദ്യം പദ്ധതി
ജന്മനാ ഹൃദ്രോഗമുള്ള കൊല്ലം ജില്ലയിലെ 382 കുട്ടികള്‍ക്ക് പുതുജീവിതം നല്‍കി സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി. നവജാതശിശുക്കള്‍ മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യചികിത്സയാണ് ലഭ്യമാക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി ജില്ലയിലെ 241 കുട്ടികള്‍ക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഈ വര്‍ഷം 130 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. 2017 സെപ്റ്റംബര്‍ മുതല്‍ 2198 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂരിഭാഗം കേസുകളിലും ആരോഗ്യപരിശോധനാപിന്തുണ വേണ്ടിവരുന്നു. ഹൃദയത്തിലെ ദ്വാരം അടയ്ക്കുന്ന പ്രക്രിയയും നടത്തുന്നു. ജനനസമയത്തെ പരിശോധന, ആര്‍ബിഎസ്‌കെ നഴ്‌സുമാര്‍ വഴി അങ്കണവാടികളിലും സ്‌കൂളുകളിലും നടത്തുന്ന സ്‌ക്രീനിങ് എന്നിവയിലൂടെയാണ് കുട്ടികളിലെ രോഗാവസ്ഥ കണ്ടെത്തുന്നത്. വീടുകളിലെത്തി ആശപ്രവര്‍ത്തകര്‍ പദ്ധതിസംബന്ധിച്ച് ബോധവത്കരണം നല്‍കുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍പരിശോധനകളും ചികിത്സയും പദ്ധതിവഴി നല്‍കുന്നുമുണ്ട്.
ഹൃദ്രോഗനിര്‍ണയ ആശുപത്രികള്‍വഴിയും ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ഡി.ഇ.ഐ.സി) മുഖേനയും എംപാനല്‍ ചെയ്ത ആശുപത്രികളിലൂടയുമാണ് പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നത്. വ്യക്തിഗതമായും കുട്ടികളുടെ പേര്, നിലവിലെചികിത്സ, മറ്റ് അടിസ്ഥാനവിവരങ്ങള്‍ ഉള്‍പ്പെടെ http://hridyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. ശിശുരോഗവിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍പരിശോധിച്ച് ഹൃദ്രോഗവിദഗ്ധരുടെ അഭിപ്രായവുംപരിഗണിച്ച് എക്കോ ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തിയാണ് എംപാനല്‍ ചെയ്ത ആശുപത്രിയിലേക്ക് ശസ്ത്രക്രിയയ്ക്കായി റഫര്‍ ചെയ്യുന്നത്. സ്വകാര്യആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതിയുടെപ്രയോജനം ലഭിക്കും. ചികിത്സയുടെ വിവിധഘട്ടങ്ങള്‍ സോഫ്റ്റ്വെയറില്‍ അപ്ഡേറ്റ്‌ചെയ്താണ് നിരീക്ഷിക്കുക. അടിയന്തരസാഹചര്യത്തില്‍ കുട്ടികളെ ആശുപത്രിയിലേക്ക്എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യവുമുണ്ടെന്ന് ഡി.ഇ.ഐ.സി മാനേജര്‍ എസ്. സജിത്ത് പറഞ്ഞു.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, കൊച്ചിന്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചിന്‍ ആസ്റ്റര്‍ മെഡിസിറ്റി, ലിസി ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, കോഴിക്കോട് ആസ്റ്റര്‍ മിംസ്, തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുന്നാള്‍ എന്നീ ആശുപത്രികളാണ് ഹൃദ്യം പദ്ധതിയുടെ ഭാഗമായി എംപാനല്‍ ചെയ്ത ആരോഗ്യസ്ഥാപനങ്ങള്‍.










