ഓണ്‍ലൈന്‍ ചൂതാട്ടത്തോടുള്ള ഭ്രമം അപകടകരം : സംസ്ഥാന യുവജന കമ്മീഷന്‍

post

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 

കൊല്ലം:  യുവാക്കളുടെ ഓണ്‍ലൈന്‍ ചൂതാട്ടത്തോടുള്ള  ഭ്രമം അപകടകരമെന്നും ഇതിനെതിരെയുള്ള  ബോധവത്കരണം ഊര്‍ജിതമാക്കുമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മീഷന്റെ  ജില്ലാതല അദാലത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ തന്നെ വായ്പകള്‍ നല്‍കി യുവാക്കളെ ചതിയില്‍പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം ചൂതാട്ടങ്ങള്‍  സംഘടിപ്പിക്കുന്ന ഏജന്‍സികള്‍ക്കെതിരെ പൊലീസ് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്, അധ്യക്ഷ അറിയിച്ചു.

ഇരുപത് പരാതികള്‍  പരിഗണിച്ചതില്‍ 12 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ തുടര്‍ സിറ്റിംഗുകളില്‍ പരിഹരിക്കും. ഉക്രെയ്‌നില്‍ മെഡിക്കല്‍ ബിരുദ പ്രവേശനം വാഗ്ദാനം ചെയത് ഏജന്‍സി പണം വാങ്ങി കബളിപ്പിച്ചത്, കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കുന്നത്, ഇന്റേര്‍ണല്‍  മാര്‍ക്ക് നല്‍കിയതിലെ  അപാകത ചൂണ്ടികാട്ടി നല്‍കിയ  അപേക്ഷ, നിയമന ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്ന പരാതി തുടങ്ങിയവയില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി  അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശകള്‍  അദാലത്തില്‍ കൈക്കൊണ്ടു.  

സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് ലഹരി വസ്തുക്കള്‍ക്കെതിരായ പോരാട്ടവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. സംസ്ഥാന ആദിവാസി മേഖലകളിലും പട്ടികജാതിപട്ടിക വര്‍ഗ്ഗ കോളനികളിലും ലഹരി വസ്തുക്കളെത്തിച്ച് നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കാന്‍ എക്‌സൈസ്‌പൊലീസ് വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ സെക്രട്ടറി പി കെ ജയശ്രീ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി എസ് സബി, അംഗങ്ങളായ പി വിനില്‍, പി എ സമദ്, തുടങ്ങിയവര്‍ പങ്കെടുത്തു.