സ്‌കൂള്‍/കോളേജ് കോവിഡ് സെല്‍: ചുമതലകള്‍ പാലിക്കണം

post

കൊല്ലം: വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം കോളേജുകളിലും സ്‌കൂളുകളിലും പ്രവര്‍ത്തനമാരംഭിക്കുന്ന കോവിഡ് സെല്ലുകള്‍ ചുമതലകള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  

വിദ്യാലയങ്ങളിലെ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡപാലനത്തിനായിനായി പ്രവര്‍ത്തന രേഖ തയ്യാറാക്കുക, രോഗലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കുന്നതിനായി സ്ഥലസൗകര്യമുള്ള ശുശ്രൂഷാ മുറിയും  പ്രഥമ ശുശ്രൂഷാ കിറ്റും ക്രമീകരിക്കല്‍, മാസ്‌ക് ശരിയായി ധരിക്കുന്നതിന് നിര്‍ദേശം നല്‍കല്‍, വെള്ളം, സോപ്പ്, സാനിറ്റൈസര്‍, മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ ലഭ്യമാക്കല്‍, സ്‌കൂള്‍/കോളജ് പരിസരം, ഫര്‍ണിച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ടാങ്ക്, അടുക്കള, കാന്റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റു ജലസ്രോതസുകള്‍ എന്നിവ അണുവിമുക്തമാക്കല്‍, ക്ലാസ്-സ്റ്റാഫ്-ഓഫീസ് മുറികളില്‍ നിശ്ചിത അകലം  പാലിച്ച് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കല്‍, പൊതു സമ്പര്‍ക്കം ഉണ്ടാകാനിടയുള്ള ഭാഗങ്ങളില്‍ നിശ്ചിത അകലത്തില്‍ മാര്‍ക്ക് ചെയ്യല്‍ തുടങ്ങിയവയാണ് കോവിഡ് സെല്ലിന്റെ പ്രധാന ചുമതലകള്‍.

പ്രാദേശിക തലത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രഥമാധ്യാപകരോ പ്രിന്‍സിപ്പലോ ദിവസേനയുള്ള റിപ്പോര്‍ട്ട് നല്‍കണം. രോഗലക്ഷണങ്ങളുള്ള കുട്ടിയുടെ/ജീവനക്കാരുടെ വിവരങ്ങള്‍ അന്നേദിവസം മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ ഘട്ടങ്ങളില്‍ ആരോഗ്യ പരിശോധനാ സൗകര്യമൊരുക്കണം. നല്ല വായുസഞ്ചാരമുള്ള മുറികള്‍ ആയിരിക്കണം ക്ലാസ് മുറികളായി തിരഞ്ഞെടുക്കേണ്ടത്.  സമ്പര്‍ക്ക സാധ്യതയുള്ള വാതിലിന്റെ  കൈപ്പിടി, ഡെസ്‌ക്, ഡസ്റ്റര്‍ തുടങ്ങിയവ രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ ഒരു ശതമാനം വീര്യമുള്ള ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതും പഠനോപകരണങ്ങള്‍ പങ്കുവെയ്ക്കുന്നതും ഒഴിവാക്കണം.  കോവിഡ് പോസിറ്റീവായ രോഗികളുടെ വീടുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ വിദ്യാലയങ്ങളില്‍ വരാന്‍ പാടില്ലെന്നും ഡി എം ഒ അറിയിച്ചു.