സര്‍ക്കാര്‍ നല്‍കിയ വീടുകള്‍ നഷ്ടപ്പെടുത്തരുത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

post

വെട്ടിക്കവലയില്‍ 1048 വീടുകള്‍
കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് വഴി വെട്ടിക്കവല ബ്ലോക്കിലെ 1048 കുടുംബങ്ങള്‍ക്ക് വീടായി. ആഹ്ലാദം പങ്കിടാനായി ഈ കുടുംബങ്ങള്‍ ചെങ്ങമനാട് അരോമ ഓഡിറ്റോറിയത്തിലാണ് ഒത്തുചേര്‍ന്നത്. ഗുണഭോക്തൃ സംഗമം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.
ഭൂഭവന രഹിതരായവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ നഷ്ടപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഏതു അടിയന്തര സാഹചര്യം നേരിടാനും സര്‍ക്കാര്‍ ഒപ്പമുണ്ട്. ആരോഗ്യവിദ്യാഭ്യാസപാര്‍പ്പിട മേഖലകളില്‍ മുമ്പെങ്ങുമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. രണ്ടു ലക്ഷം വീടുകളാണ് സംസ്ഥാനത്ത് തീര്‍ത്തത്. വിദ്യാലയങ്ങളെല്ലാം ഹൈടെക്കുമാക്കി. ആര്‍ദ്രം പദ്ധതി വഴി 20,000 ലധികം തസ്തികകള്‍ സൃഷ്ടിച്ച് ആരോഗ്യരംഗത്തും വലിയ കുതിപ്പാണ് നടത്തിയത്.
പറഞ്ഞതൊക്കെ നടപ്പിലാക്കുന്ന സര്‍ക്കാരാണിതെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കയാണ്. ഈ സാഹചര്യം മുന്‍നിറുത്തിയാണ് ലഭിച്ച ആനുകൂല്യമായ വീട് വില്‍ക്കാന്‍ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചത്. ആദ്യ രണ്ടു ഘട്ടങ്ങളിലായി നല്‍കിയ വീടുകള്‍ക്ക് പുറമേയാണ് ഭൂമിയില്ലാത്തവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ വീടു നല്‍കുന്നത്. പിന്നാലെ ഒരു വീട്ടിലെ രണ്ടാം റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് വീടു നല്‍കുന്ന നാലാംഘട്ടം നടപ്പിലാക്കും. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി അധ്യക്ഷയായി. വീടുകളുടെ താക്കോല്‍ദാനം പി. അയിഷാപോറ്റി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. അനില്‍കുമാര്‍, ജി. സരസ്വതി, ഗിരിജ മുരളീധരന്‍, ധന്യ കൃഷ്ണന്‍, പ്രീത മാത്തുക്കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോണ്‍സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സുനില്‍ ടി. ഡാനിയല്‍, ആര്‍. രേണുക, എസ്. രത്‌നമണി, മറ്റ് അംഗങ്ങളായ സി. അനില്‍കുമാര്‍, കെ. വസന്തകുമാരി, മൈലം ഗണേഷ്, സൂസന്‍ തങ്കച്ചന്‍, സാലിക്കുട്ടി, മേലില സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ. ബാലചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എം. സീന ജോയ്, എ.ഡി.സി സൗമ്യ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.