ഭക്ഷ്യോത്പന്ന നിര്‍മാണ വിതരണ രംഗത്തേക്ക് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍

post

കൊല്ലം: വ്യവസായിക അടിസ്ഥാനത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങി ചന്ദനത്തോപ്പ് ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സെന്റര്‍. ഇതിന്റെ ഭാഗമായി   ആരംഭിച്ച  പ്രൊഡക്ഷന്‍ സെന്ററിന്റെയും വനിതാ വിശ്രമകേന്ദ്രത്തിന്റെയും ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.

മികച്ച വ്യവസായിക പരിശീലന കേന്ദ്രങ്ങളുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ട്രെയിനിങ് സെന്ററുകള്‍ വഴി  വൈവിധ്യങ്ങളായ  പരിശീലന പദ്ധതികള്‍ ആരംഭിക്കുന്നതിലൂടെ  വത്യസ്ത  തൊഴില്‍ മേഖകളിലേക്ക് നിരവധി പേര്‍ക്ക് ചുവടുറപ്പിക്കാനാകും. ചന്ദനത്തോപ്പ് ഐ ടി ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ ഐ ടി ഐകളിലും പ്രൊഡക്ഷന്‍  സെന്ററുകള്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും  മന്ത്രി പറഞ്ഞു.  

ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ  വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അധ്യക്ഷയായി. വ്യാവസായിക പരിശീലന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ബി ടി സി വഴി   തൊഴില്‍ ഉറപ്പാക്കുന്ന  വ്യത്യസ്ത  പരിശീലന പദ്ധതികളാണ്    നടത്തിവരുന്നതെന്ന്   മന്ത്രി പറഞ്ഞു.

ടി-വാഷ് എന്നപേരില്‍ ഹാന്‍ഡ് വാഷും ടി-ഫെന്‍ഡ് എന്നപേരില്‍ ഹാന്‍ഡ് സാനിറ്റൈസറും ടി-ബൈറ്റ് എന്ന പേരില്‍ ഭക്ഷ്യ വിഭവങ്ങളുമാണ് വ്യവസായിക അടിസ്ഥാനത്തില്‍  പരിശീലനകേന്ദ്രം വഴി ഉല്‍പ്പാദിപ്പിച്ചു വിപണനം ചെയ്യുക. സര്‍ക്കാരിന്റെ ന്യൂട്രിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ബ്രെഡ് ബി ടി സി യില്‍ വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചു കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കും. കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ  ഭാഗമായി ആരോഗ്യ വകുപ്പിന് 500 ലിറ്റര്‍ സാനിറ്റൈസറാണ് ബി ടി സി വഴി നിര്‍മിച്ചു നല്‍കിയത്.

ചടങ്ങില്‍ കൗശലാചാര്യ ദേശിയ അവാര്‍ഡ് വിതരണവും, വ്യവസായിക ഉല്‍പന്നങ്ങളുടെ ലോഗോ പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ്, വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി, മുന്‍ പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍, ജില്ലാ ട്രെയിനിങ്  ഇന്‍സ്‌പെക്ടര്‍ ബി ഹരേഷ് കുമാര്‍, ഐ എം സി ചെയര്‍മാന്‍ ഹരി കൃഷ്ണന്‍ ആര്‍. നായര്‍, ബി ടി സി പി ടി എ പ്രസിഡന്റ് എ ജോണ്‍സന്‍, ബി ടി സി പ്രിന്‍സിപ്പല്‍ എല്‍ മിനി,  തുടങ്ങിയവര്‍ പങ്കെടുത്തു.