കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വോട്ട് ചെയ്യാം

post

കൊല്ലം: ഇന്നലെ(ഡിസംബര്‍ 7)  ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം കോവിഡ് പോസിറ്റീവ് ആയവരും ആരോഗ്യ വിഭാഗം പ്രസിദ്ധീകരിച്ച സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുമായ വോട്ടര്‍മാര്‍ക്ക് ഇന്ന്(ഡിസംബര്‍ 8) വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ അതത് പോളിങ് ബൂത്തുകളില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുര്‍ നാസര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ 19 സി ഫോറത്തിലുള്ള സാക്ഷ്യപത്രവുമായി എത്തുന്നവര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. വൈകിട്ട് ആറിന് ശേഷം എത്തുന്ന ആര്‍ക്കും വോട്ട് ചെയ്യാന്‍ സാധ്യമല്ല.

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഇതുവരെ കൈപ്പറ്റിയിട്ടില്ലാത്തവര്‍ക്ക് തപാല്‍ മാര്‍ഗം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അപ്രകാരം ലഭിക്കുന്ന സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റില്‍ സമ്മതിദാനം രേഖപ്പെടുത്തി കവറിനൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന ഫോറം 16 ല്‍ ഗസറ്റഡ് ഉദ്യോഗസ്ഥനോ സ്പെഷ്യല്‍ പോളിങ് ഓഫീസറായി പ്രത്യേകം ചുമതലപ്പെട്ട ആരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍വൈസറോ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ ജൂനിയര്‍ ഹെര്‍ത്ത് ഇന്‍സ്പെക്ടറോ സാക്ഷ്യപ്പെടുത്തി വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16 ന് രാവിലെ എട്ടിനകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് നേരിട്ടോ പ്രത്യേക ദൂതന്‍ മുഖേനയോ നല്‍കണം.