സിവില്‍ ഡിഫന്‍സ് ദിനാചരണം ഡിസംബര്‍ 6ന്

post

തൃശൂര്‍: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പിന് കീഴില്‍ സിവില്‍ ഡിഫന്‍സ് സേന രൂപപ്പെട്ടിട്ട് 2020 ഡിസംബര്‍ 6ന് ഒരു വര്‍ഷം. ദുരന്ത മുഖങ്ങളില്‍ അഗ്‌നിരക്ഷാസേനയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വളണ്ടിയര്‍ സംവിധാനമാണ് സിവില്‍ ഡിഫന്‍സ്. അപകടങ്ങളില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുക, ആപല്‍ഘട്ടങ്ങളില്‍ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം നിലനിര്‍ത്തുക, അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാതിരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനം നല്‍കുക, അപകട സാഹചര്യങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക, അടിയന്തര സഹായം എത്തിക്കുക, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക, ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുക എന്നതാണ് സിവില്‍ ഡിഫന്‍സിന്റെ മുഖ്യ ലക്ഷ്യങ്ങള്‍. അതിനായി രക്ഷാപ്രവര്‍ത്തനത്തിന്റെ ശാസ്ത്രീയ പാഠങ്ങള്‍ പ്രാദേശിക തലത്തില്‍ ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ സിവില്‍ ഡിഫെന്‍സ് സേനാംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. 

അഗ്‌നിരക്ഷാസേന ഡയറക്ടര്‍ ജനറല്‍ പി ശ്രീലേഖ ഐപിഎസ് ആണ് സിവില്‍ ഡിഫന്‍സിന്റെ സംസ്ഥാന മേധാവി. ജില്ലാ കലക്ടറാണ് ജില്ലാതലത്തില്‍ സേനയെ നിയന്ത്രിക്കുന്നത്. പ്രതിഫലേച്ഛയില്ലാതെ ഏതു ആപല്‍ഘട്ടത്തിലും പ്രവര്‍ത്തനസജ്ജമായിരിക്കാന്‍ മാനസികമായും ശാരീരികമായും തയ്യാറായി സ്വയം മുന്‍പോട്ട് വന്ന സന്നദ്ധ പ്രവര്‍ത്തകരാണിവര്‍. ജില്ലാ തലത്തിലുള്ള ട്രെയിനിംഗിന്റെ ഭാഗമായി ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി സ്റ്റേഷനുകളിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് കുന്നംകുളം ഫയര്‍ സ്റ്റേഷനില്‍ പരിശീലനം നടക്കുകയാണ്. ഈ മാസത്തോടെ സംസ്ഥാനതല പരിശീലന പരിപാടികളും പൂര്‍ത്തിയാകും.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മഴക്കെടുതിയിലും വെള്ളക്കെട്ടിലും പെട്ടവരെ വീടുകളില്‍ നിന്ന് മാറ്റി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുക, കോവിഡ്-19 ലോക് ഡൗണ്‍ സാഹചര്യങ്ങളില്‍ വയോധികര്‍ക്ക് വീടുകളിലേക്ക് സാധനങ്ങള്‍ വാങ്ങി കൊടുക്കുക, റേഷന്‍ വാങ്ങി നല്‍കുക, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുക, കാറ്റില്‍ വീണ മരങ്ങള്‍ മുറിക്കുന്നതിന് അഗ്‌നിരക്ഷാസേനയെ സഹായിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫെന്‍സ് സേനാംഗങ്ങള്‍ ചെയ്ത് വരുന്നു. ആദ്യ സിവില്‍ ഡിഫന്‍സ് ദിനാചരണ ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകളില്‍ ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.