അടിയന്തര ഘട്ടങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിന് സജ്ജീകരണമൊരുക്കും; ജില്ലാ കലക്ടര്‍

post

കൊല്ലം: അടിയന്തരഘട്ടങ്ങളുണ്ടായാല്‍ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളില്‍  പുനരധിവസിപ്പിക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

നിലവില്‍ ഒഴിഞ്ഞ് കിടക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ പുനരധിവാസത്തിനായി   ഉപയോഗപെടുത്തും. കോവിഡ് ചികിത്സയില്‍ കഴിയുന്നവരെയും നിരീക്ഷണത്തിലുള്ളവരുടെയും പുനരധിവാസം കോവിഡ് മാനദണ്ഡം പാലിച്ച് ഉറപ്പാക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അന്യജില്ലകളില്‍ നിന്നെത്തുന്ന ബോട്ടുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം, കലക്ടര്‍ പറഞ്ഞു.

അപകട സാധ്യതാ പ്രവചനമുള്ള തീരദേശ മേഖലയായ പരവൂരിലും  തെ•ല അടക്കമുള്ള മലയോരമേഖലയിലും  ജാഗ്രത വര്‍ധിപ്പിച്ചതായി യോഗത്തില്‍ പങ്കെടുത്ത ജില്ലാ പൊലീസ് മേധാവികളായ ടി നാരായണനും ആര്‍ ഇളങ്കോയും അറിയിച്ചു. രക്ഷാപ്രവര്‍ത്തനാത്തിനുള്ള ഉപകരണങ്ങളും വിദഗ്ധരുടെ സേവനവും ഇരു മേഖലകളിലും  ഉറപ്പാക്കിയിട്ടുണ്ട്. ശക്തികുളങ്ങര, മയ്യനാട്, ഇരവിപുരം മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി കൊല്ലം തഹസില്‍ദാര്‍  അറിയിച്ചു. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലിന്‍ഡ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജൂനിയര്‍ സൂപ്രണ്ട് അസിം സേട്ട്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.