ബുറേവി ചുഴലിക്കാറ്റ്: കേരളത്തിനുള്ള മുന്നറിയിപ്പ്

post

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം 'ബുറേവി' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലൂടെയാണ് അറബിക്കടലിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് പ്രതീക്ഷിക്കുന്ന സഞ്ചാരപഥം. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. 

ഡിസംബര്‍ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബര്‍ 4 ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

ഡിസംബര്‍ 3, 4  തീയതികളില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം  എന്നീ ജില്ലകളിലും ഡിസംബര്‍ 5 ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം  എന്നീ ജില്ലകളിലും ഡിസംബര്‍ 6 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതിതീവ്ര മഴയുണ്ടാവുന്ന സാഹചര്യത്തില്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍  ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.