ശബരിമല തീർത്ഥാടകർക്കായി നിലയ്ക്കലിൽ അത്യാധുനിക സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

post

നിർമ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

പത്തനംതിട്ട നിലയ്ക്കലിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യത്തിലേക്ക്. നാട്ടുകാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലിൽ ദേവസ്വം ബോർഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 6.12 കോടി രൂപയോളം ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടനം നവംബർ 4ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് സർക്കാരിന്റെ കരുതലയാണ് നിലയ്ക്കലിൽ ശബരിമല ബേസ് ക്യാമ്പ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, പോലീസ് ഹെൽപ്പ് ഡെസ്‌ക്, 3 ഒപി മുറികൾ, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷൻ, ഇസിജി റൂം, ഐ.സി.യു, ഫാർമസി, സ്റ്റോർ ഡ്രസിങ് റൂം, പ്ലാസ്റ്റർ റൂം, ലാബ്, സാമ്പിൾ കളക്ഷൻ ഏരിയ, ഇ-ഹെൽത്ത് റൂം, ഇലക്ട്രിക്കൽ പാനൽ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയിൽ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോർ റൂം എന്നിവയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലയ്ക്കൽ ക്ഷേത്രത്തിന് മുൻവശത്തായുള്ള നടപ്പന്തലിൽ നടത്തുന്ന ചടങ്ങിൽ റാന്നി എം.എൽ.എ. പ്രമോദ് നാരായൺ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.