ദുരന്ത ജാഗ്രത: നിര്‍ദേശങ്ങള്‍ പാലിക്കണം

post

കൊല്ലം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍  ലാഘവത്തോടെ കാണരുത് ജാഗ്രതയോടെ  മുന്‍കരുതലുകള്‍ നടപടികള്‍ സ്വീകരിച്ചു  സമചിത്തരായി ഏവരും പ്രവര്‍ത്തിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

അപകടാവസ്ഥയിലുള്ള ഇടങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി ആയിട്ടുണ്ട്. അപകട സാധ്യതയുള്ള മരങ്ങള്‍, മറ്റു സാഹചര്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികാരികളെ അറിയിക്കണം. ഒരു സ്ഥലത്ത് നിന്ന് മാറണമെന്ന്  അധികാരികള്‍  ആവശ്യപ്പെട്ടാല്‍ മടികൂടാതെ ഉടന്‍തന്നെ മാറിതാമസിക്കാന്‍ തയ്യാറാകണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും കോവിഡ് പ്രോട്ടോകോളും മാറിതാമസിക്കുന്നവര്‍  കൃത്യമായി പാലിക്കണം.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നദികളിലും പുഴകളിലും ആരും ഇറങ്ങാന്‍  ശ്രമിക്കരുത്. അപകടാവസ്ഥയിലുള്ള ബോര്‍ഡുകളും മറ്റും അഴിച്ചു മാറ്റണം. ഡിസംബര്‍ മൂന്നു, നാലു തീയതികളില്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കണം. അഥവാ ദുരന്തമുണ്ടായാല്‍ അവിടങ്ങളിലേക്ക് പരിശീലനം ലഭിച്ചവര്‍ അല്ലാതെ ആരും തന്നെ സന്ദര്‍ശനം നടത്താന്‍ പാടില്ല. പ്രതിസന്ധികളെ മറികടക്കാന്‍  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായും ഉദ്യോഗസ്ഥരുമായും  സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക യോഗവും  ജില്ലയിലെ തദ്ദേശസ്ഥാപന സെക്രട്ടറിമാരും ഉദ്യോഗസ്ഥ•ാരുമായി യോഗവും ഇന്നലെ നടന്നു. ജീവനക്കാര്‍ക്ക് വളരെ അത്യാവശ്യമുള്ള ഘട്ടത്തില്‍ അല്ലാതെ ലീവ് അനുവദിക്കരുതെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പില്‍ മാത്രം ശ്രദ്ധിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണം. ലൈസന്‍സ് നല്‍കിയിട്ടുള്ള കോറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പ് സംവിധാനങ്ങളും നിര്‍ത്തിവെക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഒരിടത്തും കുന്നുകള്‍ ഇടിക്കാന്‍ പാടില്ല. എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചിടും. തെ•ല ഡാമിന്റെ ഷട്ടര്‍ 30 സെന്റീ മീറ്റര്‍ ഉയര്‍ത്തിയെങ്കിലും ഡാം സുരക്ഷിത അവസ്ഥയിലാണെന്ന് യോഗം വിലയിരുത്തി. വിവിധ ഭാഗങ്ങളില്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ എടുത്ത നടപടികള്‍, മണ്‍ട്രോതുരുത്തില്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയതും വിവിധ താലൂക്ക്തലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതും ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാന്‍ സ്‌കൂളുകളും ഓഡിറ്റോറിയങ്ങളും തയ്യാറാക്കിയതും സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിപ്പ് നല്‍കി. വാര്‍ത്താവിനിമയ സംവിധാനത്തിന് വേണ്ടിവന്നാല്‍ ഹാം റേഡിയോയുടെ സേവനം ഉപയോഗിക്കാനും വൈദ്യുതി വകുപ്പ്  ബി എസ് എന്‍ എല്‍, പൊലീസ്, റവന്യു, ഫിഷറീസ്, അഗ്‌നിശമന സേന, തദ്ദേശസ്ഥാപന വിഭാഗങ്ങള്‍ സജ്ജമായിരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.