തെരഞ്ഞെടുപ്പ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പരിശോധന കര്‍ശനമാക്കി എക്സൈസ് വകുപ്പ്

post

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരാഘോഷം എന്നിവയ്ക്ക് മുന്നോടിയായി വ്യാജമദ്യ - മയക്കുമരുന്ന് കടത്തും സംഭരണവും വിതരണവും തടയുന്നതിന് എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കി.  ലഹരിക്കടത്ത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ലഹരി വിരുദ്ധ ഡ്രൈവിനുള്ള ക്രമീകരണങ്ങള്‍ നവംബര്‍ 25 മുതല്‍ തുടങ്ങി. ജനുവരി രണ്ട് വരെയാണ്   പ്രത്യേക പരിശോധനകള്‍ നടക്കുക. ഇതിനായി അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ മേല്‍നോട്ടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന താലൂക്ക്തല സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവ കേന്ദ്രീകരിച്ച് സംയുക്ത പരിശോധനകള്‍ ആരംഭിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍, രണ്ട് പ്രിവന്റീവ് ഓഫീസര്‍മാര്‍, മൂന്ന് സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരടങ്ങുന്നതാണ് യൂണിറ്റ്.

വ്യാജമദ്യ നിര്‍മാണം, വിതരണം, ശേഖരണം, സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം എന്നിവയ്ക്കായി ജില്ലയിലെ 12 റെയിഞ്ചുകളിലും ഇന്റലിജന്‍സ് ടീം  പ്രവര്‍ത്തനം ഊര്‍ജിതമാക്കി. അതിഥി തൊഴിലാളികള്‍ക്കിടയിലും പരിശോധന തുടരുന്നു. അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് നടപടികളെടുക്കും. അതിര്‍ത്തി പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധനയും ശക്തമാക്കും.   അബ്കാരി ആന്റ് എംആന്റ് ടി പി നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന വിവിധ ലൈസന്‍സ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തി രാസപരിശോധന സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.