തിരഞ്ഞെടുപ്പ്; ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണം- ജില്ലാ കലക്ടര്‍

post

കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന്  മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദത്തിലും സമയപരിധിക്കുള്ളിലുമായിരിക്കണം. രാത്രി ഒന്‍പതിനും രാവിലെ ആറിനും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചരണം പാടില്ല. സ്ഥാനാര്‍ഥികളുടെയും മറ്റു പ്രവര്‍ത്തകരുടെയും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിധേയമായിരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് ഒന്നും ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്നും ജില്ലാ പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലും മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി രണ്ടും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാലും വാഹനങ്ങള്‍ ഉപയോഗിക്കാം