പത്തനാപുരം മണ്ഡലത്തിൽ 48 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു

post

പട്ടാഴി സർക്കാർ ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബഹുനില മന്ദിരം, പ്രവേശന കവാടം, പാചകപ്പുര എന്നിവയുടെ നിർമ്മാണോദ്ഘാടനവും തറക്കല്ലിടീലും സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ നിർവഹിച്ചു. പത്തനാപുരം മണ്ഡലത്തിൽ 48 സർക്കാർ സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഡൈനിങ് ഹാൾ ഉൾപ്പെടെയുള്ള വലിയ പദ്ധതിക്കാണ് പട്ടാഴി സർക്കാർ ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തോടൊപ്പമുള്ള ഓഡിറ്റോറിയവും നിർമിക്കും. പുതിയ സ്‌കൂൾ ബസും അനുവദിക്കും.

നിർമ്മാണം പൂർത്തിയായ കാര്യറ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്കും തുടക്കമാകും. ഏനാത്ത്-പത്തനാപുരം റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലുള്ളതാകും. പട്ടാഴി, തലവൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നീന്തൽ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരളം കർമ്മ പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ബഹുനില മന്ദിരം, പ്രവേശന കവാടം, പാചകപ്പുര തുടങ്ങിയവ നിർമിക്കുന്നത്. പി.ടി.എ പ്രസിഡന്റ് ജി ഹരികൃഷ്ണൻ അധ്യക്ഷനായി.പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശുഭാകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ ജി. സരസ്വതി, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനന്തുപിള്ള, പട്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ഫിലിപ്പോസ്, പട്ടാഴി ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുരേഷ്, പട്ടാഴി ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു റഹിം, എം പിടിഎ പ്രസിഡന്റ് ജിഷ ഹർഷൻ, പിടിഎ വൈസ് പ്രസിഡന്റ് ഷൗഫീന, പട്ടാഴി എച്ച്.എസ്.എസ് പ്രിൻസിപ്പൽ സി പി ദീപ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ജി വേണു, ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ എസ് മനോജ്, ജി എം എൽ പി എസ് പ്രിൻസിപ്പൽ അഹമ്മദ് കബീർ, സ്റ്റാഫ് സെക്രട്ടറി എസ് ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.