തദ്ദേശതെരഞ്ഞെടുപ്പ്: ലഘുലേഖകള്‍ കുറയ്ക്കാം, സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്താം

post

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍  ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം  പരിമിതപ്പെടുത്തി സോഷ്യല്‍  മീഡിയ വഴിയുള്ള  പ്രചരണം സജീവമാക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  പൊതുയോഗങ്ങള്‍,  കുടുംബയോഗങ്ങള്‍ എന്നിവ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രം നടത്തണം. പൊതു  യോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ മാത്രം ഉപയോഗിക്കണം. സ്ഥാനാര്‍ഥികള്‍ക്ക് ഹാരം, ബൊക്കെ,  നോട്ടുമാല, ഷാള്‍ എന്നിവ  നല്‍കിക്കൊണ്ടുള്ള സ്വീകരണ പരിപാടികള്‍ നടത്താന്‍ പാടില്ല.

വോട്ടര്‍മാര്‍  മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന സന്ദേശം  സ്ഥാനാര്‍ഥികള്‍ പൊതുജനങ്ങളിലേക്ക്  എത്തിക്കേണ്ടതാണ്. പ്രചരണ ജാഥ,  ആള്‍ക്കൂട്ടം,  കൊട്ടിക്കലാശം എന്നിവ കോവിഡിന്റെ  പശ്ചാത്തലത്തില്‍ ഒഴിവാക്കേണ്ടതാണ്. സ്ഥാനാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവാവുകയോ, നിരീക്ഷണത്തില്‍ പ്രവേശിക്കുകയോ ചെയ്യുകയാണെങ്കില്‍  ഉടന്‍തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കണം. പിന്നീട്  ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ ഇവര്‍  പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കലക്ടര്‍ അറിയിച്ചു.