ചാത്തന്നൂരില്‍ 'മട്ടുപ്പാവിലെ മണ്ണില്ലാ കൃഷി'

post

കൊല്ലം : കര്‍ഷകഗ്രാമമെന്ന്  പേരെടുത്ത ചാത്തന്നൂരില്‍ മട്ടുപ്പാവിലെ മണ്ണില്ലാ കൃഷിയും തുടങ്ങി.   'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ലക്ഷ്യവുമായി കൃഷി വകുപ്പ് ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതിയായ 'ജീവനി'യുടെ ഭാഗമാണ് ഈ നൂതന കൃഷി രീതി നടപ്പിലാക്കിയത്. ഊറാംവിളയിലെ  മിനി സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവിലാണ് ചാത്തന്നൂര്‍ കൃഷിഭവന്‍   മണ്ണില്ലാകൃഷി നടത്തുന്നത്. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി 'പോഷകശ്രീ' പദ്ധതി വ്യാപകമാക്കുന്നതിന്റെ  തുടക്കമെന്ന നിലയ്ക്കാണ് പുതുകൃഷി രീതി പരീക്ഷിച്ചത്. കര്‍ഷകരുടെ സജീവ പങ്കാളിത്തമാണ് പുതിയ പദ്ധതിയുടെ വിജയം.
മണ്ണ് 100 ശതമാനവും ഒഴിവാക്കി പാഴ്‌വസ്തുക്കളായ ചകിരിച്ചോറ് കമ്പോസ്റ്റ്, ഉപയോഗശൂന്യമായ പേപ്പര്‍, ചാണകപ്പൊടി എന്നിവ ഗ്രോബാഗില്‍  ഒന്നിടവിട്ടുള്ള തട്ടുകളായി ക്രമീകരിച്ചാണ് കൃഷി. മണ്ണ് രോഗങ്ങള്‍ ഒഴിവായ ഗുണമേ•യുള്ള പച്ചക്കറി ഉല്‍പ്പാദനമാണ് സാധ്യമാക്കുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാന വര്‍ധനയാണ് മുഖ്യ സവിശേഷത. മണ്ണ് നിറച്ച ഗ്രോബാഗുകളേക്കാള്‍ ഭാരം കുറവായതിനാല്‍ മട്ടുപ്പാവിന് സമ്മര്‍ദ്ദം ഏല്‍ക്കാതെ കൃഷി നടത്താം. തിരിനന പോലുള്ള  ശാസ്ത്രീയമായ ജലസേചന രീതികള്‍ ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. നീളത്തില്‍ സ്ഥാപിച്ച പൈപ്പുകളില്‍ ഘടിപ്പിച്ച  തിരിനനകളിലൂടെ ഗ്രോബാഗിലെ സുഷിരം വഴിയാണ് വിളകള്‍ക്ക് വെള്ളം ലഭ്യമാക്കുന്നത്. സ്ഥലപരിമിതിയെ  മറികടക്കാനും മട്ടുപ്പാവ് കൃഷി സഹായകമാണ്. കൃഷി ഭവനിലെ അഗ്രോ സര്‍വീസ് സെന്ററാണ് ഒരു ലക്ഷം രൂപാ ചിലവില്‍ 400 ഗ്രോബാഗുകളടങ്ങുന്ന എട്ട് യൂണിറ്റുകള്‍ സ്ഥാപിച്ചത്. ചീരയും തക്കാളിയും പച്ചമുളകും വഴുതനയും  ഒക്കെയാണ് വിളയുന്നത്."
 പത്തു കര്‍ഷകര്‍ വീതമുള്ള സംഘങ്ങള്‍ രൂപീകരിച്ച് 50 ഗ്രോബാഗുകള്‍ അടങ്ങുന്ന ഒരോ യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. 12500 രൂപയാണ് ഒരു യൂണിറ്റിന്റെ  ചിലവ്. 9375 രൂപ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായി കര്‍ഷകന് ലഭിക്കുന്നു. യൂണിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതോടൊപ്പം പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റവും വിപണനവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ അഗ്രോ സര്‍വീസ് സെന്ററും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.  ചാത്തന്നൂരിലെ അഞ്ച് പഞ്ചായത്തുകളിലും യൂണിറ്റുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷിബുകുമാര്‍ അറിയിച്ചു.