തിരഞ്ഞെടുപ്പ് പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

post

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം പ്രദർശിപ്പിക്കണം. പെർമിറ്റിൽ വാഹന നമ്പർ, സ്ഥാനാർത്ഥിയുടെ പേര് എന്നിവ ഉണ്ടാകണം. ഒരു സ്ഥാനാർത്ഥിയുടെ പേരിൽ പെർമിറ്റെടുത്ത വാഹനം മറ്റൊരു സ്ഥാനാർത്ഥി ഉപയോഗിക്കുന്നത് കുറ്റകരമാണ്. പെർമിറ്റില്ലാതെ ഉപയോഗിക്കുന്ന വാഹനങ്ങൾ അനധികൃതമായി കണക്കാക്കി നടപടി സ്വീകരിക്കും. ഈ വാഹനങ്ങൾ പിന്നീട് പ്രചാരണ വാഹനമായി ഉപയോഗിക്കാൻ പാടില്ല. പ്രകടനം നടക്കുമ്പോൾ രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർത്ഥിയുടെയോ വാഹനത്തിൽ തിരഞ്ഞെടുപ്പ് പരസ്യം, കൊടി തുടങ്ങിയവ മോട്ടോർവാഹന നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ പ്രദർശിപ്പിക്കാവു.

സുരക്ഷാ അധികാരികളും ഇന്റലിജൻസ് ഏജൻസികളും നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ള ആളുകൾക്ക് സർക്കാർ അനുവദിച്ച ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഉപയോഗിക്കാം. സുരക്ഷാ അധികാരികൾ നിഷ്‌കർഷിച്ചിട്ടുണ്ടെങ്കിൽ മാത്രമേ പകരമായി ഒന്നിൽ കൂടുതൽ വാഹങ്ങൾ ഉപയോഗിക്കാവൂ. ുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ചെലവ് അതാത് വ്യക്തികൾ വഹിക്കണം. പൈലറ്റ് വാഹനവും എസ്‌കോർട്ട് വാഹനവും ഉൾപ്പടെ ബുള്ളറ്റ് പ്രൂഫ് വാഹനത്തെ അനുഗമിക്കുന്ന വാഹനങ്ങളുടെ എണ്ണം സുരക്ഷാ അധികാരികൾ അനുവദിച്ചിട്ടുള്ളവയിൽ കൂടരുത്. സർക്കാർ വാഹനങ്ങളായിരുന്നാലും വാടക വാഹനങ്ങളായിരുന്നാലും അതിന്റെ ചെലവ് അതാത് വ്യക്തികൾ വഹിക്കണം.