ഗുണഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ഉറപ്പാക്കി പാമ്പാക്കുട ബ്ലോക്കില്‍ ലൈഫ് കുടുംബ സംഗമം

post

പാമ്പാക്കുട: ലൈഫ് മിഷന് കീഴില്‍ കൂട്ടായ പരിശ്രമത്തിലൂടെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നത് സാമൂഹ്യ പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് എം.എല്‍.എ അനൂപ് ജേക്കബ്ബ് പറഞ്ഞു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ലൈഫ് മിഷന് കീഴില്‍ ഭവനരഹിതര്‍ക്ക് വീടൊരുക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാന്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചതായി കുടുംബ സംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ പറഞ്ഞു.
     പാമ്പാക്കുട ബ്ലോക്കില്‍ 284 കുടുംബങ്ങള്‍ക്കാണ് ലൈഫ് പദ്ധതിയിലൂടെ വീടൊരുക്കിയത്. പദ്ധതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച  പഞ്ചായത്തുകളിലെ ഗ്രാമസേവകന്മാരുടെ സേവനം പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി വിവിധ വകുപ്പുകളുടെ 23 കൗണ്ടറുകള്‍ അദാലത്തില്‍ ഉണ്ടായിരുന്നു.
    ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയ, തിരുമാറാടി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ഒ. എന്‍ വിജയന്‍, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോര്‍ജ്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ മിനികുമാരി, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ്‌സ് മാമ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ജയ ബിജു മോന്‍, വി.സി കുര്യാക്കോസ്. ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ ഒ.കെ കുട്ടപ്പന്‍, രമ കെ. എന്‍, ബിന്ദു സിബി, സന്തോഷ് കോരപ്പിള്ള, കെ.ജി ഷിബു, ലില്ലി ജോയി, ജിന്‍സണ്‍ വി. പോള്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ട്രീസ ജോസ്, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സാബു കെ. മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.