ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

post

കണ്ണൂര്‍ : അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ഇന്ന് (നവംബര്‍ 20  വെള്ളിയാഴ്ച) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തു നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് നിരോധിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.  നിലവില്‍ ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അടുത്തുള്ള സുരക്ഷിത തീരങ്ങളില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍  ന്യൂനമര്‍ദം രൂപപെട്ടതായും അടുത്ത 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറി വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  തെക്കന്‍ അറബിക്കടലിന്റെ മധ്യ ഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍, ലക്ഷദ്വീപ് എന്നീ സമുദ്ര മേഖലകളിലും മണിക്കൂറില്‍ 45 മുതല്‍ 65 കിമീ വരെ  വേഗതയില്‍  ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ന്യൂനമര്‍ദ മുന്നറിയിപ്പ് മത്സ്യ തൊഴിലാളി ഗ്രാമങ്ങളിലും മത്സ്യ ബന്ധന തുറമുഖങ്ങളിലും അറിയിക്കണം.  അപകട സാധ്യത ഒഴിവാകുന്നത് വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയുന്നതിനുള്ള  നടപടികള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് വകുപ്പ്  എന്നിവര്‍ സ്വീകരിക്കണം.

ന്യൂനമര്‍ദം രൂപം കൊള്ളുന്ന സാഹചര്യത്തില്‍ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിനും ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ട്.  ഇതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം.  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം.