ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം ഉദ്ഘാടനം ചെയ്തു

post

കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിര്‍വഹിച്ചു. ശിലാഫലകവും പ്രസിഡന്റ് അനാച്ഛാദനം ചെയ്തു. ജില്ലാ ആശുപത്രിയില്‍ കേരളപ്പിറവി ദിനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഡയാലിസിസ് യൂണിറ്റിന് ശക്തിപകരുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം സമയബന്ധിതമായി പൂര്‍ത്തീകരിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വികസന സമിതി അധ്യക്ഷന്‍ വി ജയപ്രകാശ് അധ്യക്ഷനായി. ഡയാലിസിസ് യൂണിറ്റിന് സമീപമാണ് 53 ലക്ഷം രൂപ ചെലവില്‍ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം നിര്‍മിച്ചത്. ഡയാലിസിസ് ചികിത്സയ്ക്കിടയില്‍ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗം പ്രയോജനകരമാകും. നിലവില്‍ 11 കിടക്കകളും അനുബന്ധ സജീകരണങ്ങളും തീവ്ര പരിചരണ വിഭാഗത്തില്‍ ഒരുക്കിയിട്ടുണ്ട്.

അത്യാഹിത സാഹചര്യങ്ങള്‍ നേരിടാന്‍ ഡോക്ടര്‍മാരുടെ സേവനവും മികച്ച അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളും ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തില്‍ സജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്തദാസ് അറിയിച്ചു.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ വി അജിത, ആര്‍ എം ഒ ഡോ അനൂപ്, ജില്ലാ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍കുമാര്‍, ഡോ ശ്യാം, ജില്ലാ ആശുപത്രി മാനേജ്‌മെന്റ് സമിതി അംഗങ്ങള്‍, മറ്റ് ജില്ലാ ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.