പൈനാവ് സ്‌കൂളില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള നിര്‍മ്മാണം

post

ഇടുക്കി: പൈനാവ് യു.പി സ്‌കൂളില്‍ ഒരു കോടി മുടക്കി മൂന്ന് നിലകളായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തില്‍ ആദ്യ രണ്ട് നിലകളിലുമായി ആറ് ക്ലാസ് മുറികളും ഏറ്റവും മുകളിലെ നിലയില്‍ ലൈബ്രറിയും പ്രവര്‍ത്തിക്കും. ഇടുക്കി ഡാമിന്റെ നിര്‍മ്മാണമാണ് പൈനാവ് ഗവ. യു.പി. സ്‌കൂളിന്റെ പിറവിക്ക് കാരണമായത്. ഡാമിന്റെ നിര്‍മാണത്തിനായുള്ള തൊഴിലാളികളും ഉദ്യോഗസ്ഥരും അടക്കം നിരവധി ആളുകള്‍ അക്കാലത്ത് വാഴത്തോപ്പ് വഞ്ചിക്കവലയിലെ ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. സമീപ പ്രദേശങ്ങളില്‍ സ്‌കൂള്‍ ഇല്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്സിലെ താമസക്കാരുടെയും പ്രദേശവാസികളെയും കുട്ടികള്‍ക്ക് പഠിക്കുന്നതിനായാണ് 1968 ല്‍ വാഴത്തോപ്പ് വഞ്ചിക്കവലയില്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. എച്ച്സിസി കമ്പനിയായിരുന്നു ഡാം നിര്‍മ്മിച്ചത്.

മൂലമറ്റം ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ഹൈസ്‌കൂള്‍ ആന്‍ഡ് ബ്രാഞ്ച് ആയിട്ടാണ് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.ഈ സ്‌കൂളിനോട് ചേര്‍ന്നു തന്നെ സ്വകാര്യ സ്‌കൂളിന്റെ യു.പി വിഭാഗം പ്രവര്‍ത്തനം തുടങ്ങിയതോടെ പൈനാവ് പ്രദേശവാസികളും ഡാം നിര്‍മാണ ജീവനക്കാരും സര്‍ക്കാരിന് ഹര്‍ജി നല്‍കി. ഇതേ തുടര്‍ന്ന് 1970 ഈ വിദ്യാലയം പൈനാവിലേക്ക് എല്‍.പി - യുപി തലങ്ങളിലുള്ള യു.പി സ്‌കൂളായി പൈനാവ് പൂര്‍ണിമാ ക്ലബ്ബിനോടനുബന്ധിച്ച് മാറ്റി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ക്ലബ്ബിനോട് ചേര്‍ന്ന ഒരു കെട്ടിടത്തില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചു വരുമ്പോള്‍ തന്നെ ഇതേ കെട്ടിടത്തില്‍ നവോദയ വിദ്യാലയവും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നവോദയ വിദ്യാലയം കുളമാവിലേക്ക് മാറ്റിയതോടെ എല്‍.പി. വിഭാഗം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറി. പൈനാവ്, താന്നിക്കണ്ടം, മുക്കണംകുടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും വന്നു ചേര്‍ന്നതോടെ ഓരോ ക്ലാസിലും മൂന്ന് വീതം ഡിവിഷനുകള്‍ ഉണ്ടായി. ഡാം കമ്മീഷന്‍ ചെയ്തു കഴിഞ്ഞിട്ടും തൊഴിലാളികള്‍ യു.പിയിലെ തങ്ങളുടെ കുട്ടികളെ പഠനം തീരുന്നതുവരെ ക്വാര്‍ട്ടേഴ്സുകളില്‍ താമസിച്ചു. കുടിയേറ്റ കാലഘട്ടത്തില്‍ നിരവധി ആളുകള്‍ കുടുംബസമേതം പൈനാവിനെ പ്രാന്തപ്രദേശങ്ങളില്‍ താമസമാരംഭിച്ചു. അതിന്റെ ഭാഗമായി മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം, അണ്‍ എയ്ഡഡ് എല്‍.പി സ്‌കൂള്‍ എന്നിവ പൈനാവില്‍ തുടങ്ങി. കെട്ടിടത്തിന്റെ കാലപ്പഴക്കവും പുതിയ വിദ്യാലയങ്ങളുടെ സാമീപ്യവും ഈ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായി. എന്നാല്‍ ഒരു ദശാബ്ദക്കാലമായി വിദ്യാലയത്തില്‍ നടന്നുവരുന്ന മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ ഉയര്‍ച്ച ഉണ്ടായിരുന്നു.

2014  -15 അധ്യായന വര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ തുടക്കം കുറിച്ച ജൈവവൈവിധ്യ ഉദ്യാനം പദ്ധതിയില്‍ ഗവണ്‍മെന്റ് യുപിസ്‌കൂള്‍ പൈനാവ് സംസ്ഥാന തലത്തില്‍ മുന്‍നിരയില്‍ ആവുകയും നില തുടരുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ചെറുതോണി, വാഴത്തോപ്പ്, മണിയാറന്‍കുടി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.