ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങളും ഇലക്ട്രോണിക് വീല്‍ചെയറുകളും വിതരണം ചെയ്തു

post

മുച്ചക്രവാഹനം, ഇലക്ട്രോണിക് വീല്‍ചെയര്‍ പോലുള്ള സഹായ ഉപകരണങ്ങള്‍ അവരുടെ കാര്യശേഷിയെയും കര്‍മ്മശേഷിയെയും വര്‍ധിപ്പിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം.പി. ശാരീരിക മാനസിക ബുദ്ധിമുട്ടുകളില്ലാത്തവരേക്കാള്‍ വിവിധ മേഖലകളില്‍ പരിമിതികളെ മറികടന്ന് മികവ് പ്രകടമാക്കിയവരാണ് ഭിന്നശേഷിക്കാര്‍. ആത്മവിശ്വാസത്തോടെ മികച്ച വിജയം കൈവരിക്കാന്‍ പരമാവധി കഴിവ് പ്രയോജനപ്പെടുത്തുന്നവരാണവര്‍.

ഇലക്ട്രോണിക് വീല്‍ചെയര്‍ ഉപയോഗിച്ച് ആരുടെയും സഹായമില്ലാതെ ചലിക്കാനും അതുവഴി തൊഴിലിടങ്ങളെ സമ്പുഷ്ടമാക്കാനും കഴിയും. ചെറിയ കച്ചവടങ്ങള്‍ ആരംഭിക്കാനും വിവിധ തൊഴില്‍ ആവശ്യങ്ങള്‍ക്കും ഫലപ്രദമായി വിനിയോഗിക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരോട് സഹാനുഭൂതിയും സഹതാപവുമല്ല അവര്‍ക്ക് പ്രോത്സാഹനമേകുകയാണ് ചെയ്യേണ്ടതെന്ന് മുച്ചക്രവാഹന വിതരണം ഉദ്ഘാടനം ചെയ്ത റോയ് കെ പൗലോസ് എംഎല്‍എ പറഞ്ഞു. ജീവിതത്തില്‍ മുന്നേറുന്നതിനും ജീവിതം ആസ്വദിക്കുന്നതിനും ഭിന്നശേഷി തടസമല്ല. ഭിന്നശേഷിക്കാര്‍ക്ക് പരമാവധി പിന്തുണ ഉറപ്പാക്കും. വീല്‍ചെയര്‍ ഉപയോഗിക്കുന്ന ജില്ലയിലെ അംഗങ്ങളുടെ കൂട്ടായ്മയ്ക്ക് ഓണക്കാലത്ത് ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് എംഎല്‍എ പറഞ്ഞു.

അശരണരെ പൊതുധാരയിലെത്തിക്കാന്‍ ഈ വര്‍ഷവും കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍ പറഞ്ഞു. താഴെത്തട്ടിലെ ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രതിജ്ഞാബദ്ധമാണ് ജില്ലാ പഞ്ചായത്ത്. വിവിധ വിഭാഗങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ ഏവരും പ്രയോജനപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയില്‍ 42 മുച്ചക്രവാഹനങ്ങളും 20 ഇലക്ട്രോണിക് വീല്‍ചെയറുകളുമാണ് വിതരണം ചെയ്തത്. 60 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഷൈനി സജി, ഷൈനി റെജി, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, മണിമേഖല, ജില്ലാ പഞ്ചായത്തംഗങ്ങളായ സി. നെല്‍സണ്‍, ആര്‍. ഈശ്വരന്‍, ശങ്കര്‍കുമാര്‍ ജി., തിലോത്തമ സോമന്‍, മിനി പ്രിന്‍സ്, ആന്‍സി ജെയിംസ്, മിനി സാബു, ടോണി തോമസ്, സജി. പി. ജോസ് അഴകത്ത്, മനോജ് കോക്കാട്ട്, പി.എ. സജി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എംനാദ് വി.എ., ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവ് പി.കെ. തുടങ്ങിയവര്‍ പങ്കെടുത്തു.