പിന്നാക്ക മേഖലകളിൽ നവീനമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ
ജില്ലയിലെ പിന്നാക്ക മേഖലകളിൽ കൂടുതൽ നവീനമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി പറഞ്ഞു. ജില്ലയിലെ ആസ്പിരേഷണൽ ബ്ലോക്കുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിലെ ആസ്പിരേഷണൽ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വിവിധ വികസന പ്രവർത്തനങ്ങൾ ലാഹിരി വിലയിരുത്തി.
വികസന സൂചികകളിൽ പിന്നാക്കം നിൽക്കുന്ന മേഖലകളുടെ പുരോഗതിക്കായി കൃത്യമായ ഇടപെടലുകൾ ആവശ്യമാണെന്ന് വൈസ് ചെയർമാൻ ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധയും ഊന്നലും നൽകണം.

കേരളത്തിലെ ജനങ്ങൾ ബുദ്ധിമാന്മാരും സമർഥരുമാണ്. രാജ്യത്ത് തന്നെ വികസന സൂചികകളിൽ ഒന്നാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്തിന്റെ ഉയർന്ന സാക്ഷരത ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വികസന രംഗത്ത് രാജ്യത്തിന് തന്നെ മികച്ച മാതൃകയാകാൻ കേരളത്തിന് കഴിയുമെന്നും ലാഹിരി കൂട്ടിച്ചേർത്തു.
അവലോകന യോഗത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ നീതി ആയോഗ് വൈസ് ചെയർമാൻ നേരിട്ടെത്തി സന്ദർശനം നടത്തി.ചിന്നക്കനാൽ അങ്കണവാടി, ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, മൂന്നാർ ഗവ. ആഗ്ലോ-തമിഴ് എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ ലാഹിരി സന്ദർശനം നടത്തി.
ജില്ലയിലെ വികസന പദ്ധതികൾ കൂടുതൽ ഫലപ്രദമാക്കാൻ വിവിധ വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനം ആവശ്യമാണെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. വകുപ്പുകൾ സംയുക്തമായി കൂടുതൽ പ്രായോഗികമായ പദ്ധതികൾ തയാറാക്കി സമർപ്പിക്കണമെന്നും നിർദേശിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോൻ, നീതി ആയോഗ് ഡയറക്ടർ ഷോയഹ് അഹമ്മദ്, സബ് കളക്ടർ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആന്റ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ. കുര്യാക്കോസ് എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.











