കടല്‍ സുരക്ഷാ ഉപകരണങ്ങളും നഷ്ടപരിഹാര തുകയും വിതരണം ചെയ്തു

post

കൊല്ലം : ഫിഷറീസ് വകുപ്പ് ഓഖി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച കടല്‍സുരക്ഷാ സ്‌ക്വാഡുകള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ വിതരണത്തിന്റെയും കടല്‍ക്ഷേഭത്തില്‍ മത്സ്യബന്ധനോപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ജില്ലയിലെ മത്സ്യഗ്രാമങ്ങളില്‍ നിന്നുള്ള 105 പേരെ കടല്‍സുരക്ഷാ സ്‌ക്വാഡുകളായി തിരഞ്ഞെടുത്തതിന്റെ അദ്യഘട്ടം പരിശീലനം പൂര്‍ത്തിയാക്കിയ 87 പേരടങ്ങുന്ന 13 ഗ്രൂപ്പുകള്‍ക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു. തേവള്ളിയില്‍ നടന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലയിലെ 13 കടല്‍സുരക്ഷാ സ്‌ക്വാഡ് യൂണിറ്റുകള്‍ക്ക് സുരക്ഷ ഉപകരണങ്ങളായ ലൈഫ് ബോയ്, ജി പി എസ്, വാട്ടര്‍ പ്രൂഫ് ടോര്‍ച്ചുകള്‍ എന്നിവയാണ് ഓഖി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത്.

ജില്ലയിലെ രൂക്ഷമായ കടലാക്രമണത്തില്‍ മത്സ്യബന്ധന യാനങ്ങളും വലകളും എഞ്ചിനുകളും ഉള്‍പ്പടെയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ട ഏഴു പേര്‍ക്ക് 1606927 രൂപയും ഭാഗികമായി നഷ്ടം സംഭവിച്ച അഞ്ചുപേര്‍ക്ക് 298880 രൂപയും ഉള്‍പ്പടെ 1905807 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. നഷ്ടപരിഹാരു തുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി വിതരണം ചെയ്തു.