ജില്ലയില്‍ 13 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ടാകുന്നു

post

തിരുവനന്തപുരം: ജില്ലയിലെ 13 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്ക് ലഭിക്കും.

ഉള്ളൂര്‍, പേട്ട, അയിരൂര്‍, നെടുമങ്ങാട്, കുളത്തൂര്‍, വെള്ളറട, വാമനപുരം, കല്ലറ, ആനാട്, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വര്‍ക്കല, ചെമ്മരുതി വില്ലേജ് ഓഫിസുകളാണ് സ്മാര്‍ട്ട് ഓഫിസുകളായി നവീകരിക്കുന്നത്. റവന്യൂ വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഏറ്റവും താഴേത്തട്ടിലുള്ള വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ട് ഓഫിസുകളാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇ-ഓഫിസ് സംവിധാനം നടപ്പിലാക്കിയതിലൂടെ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍, റവന്യൂ ഡിവിഷണല്‍ ഓഫിസുകള്‍ എന്നിവ കടലാസ് രഹിതമായി.  പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഇ-ഡിസ്ട്രിക് മുഖേന ഓണ്‍ലൈന്‍ വഴിയാണ് നല്‍കുന്നത്.  റവന്യൂ ഭൂരേഖകളുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.  

നികുതികള്‍ കറന്‍സി രഹിതമായി സ്വീകരിക്കുന്നതിനായി ഇപോസ് മെഷീനുകള്‍ മുഴുവന്‍ വില്ലേജ് ഓഫിസുകളിലും നടപ്പിലാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്തെ 1,665 വില്ലേജ് ഓഫീസുകളില്‍ 1,633 എണ്ണത്തില്‍ അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, 1,354 എണ്ണത്തില്‍ കന്റെംപററി റെക്കോര്‍ഡുകള്‍ എന്നിവ ഡിജിറ്റൈസ് ചെയ്യാനായി. പതിറ്റാണ്ടുകളായി ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ട 1,63, 610 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ചുരുങ്ങിയ കാലത്തിനുള്ളില്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മെച്ചപ്പെട്ട സൗകര്യങ്ങളോടെ വില്ലേജ് ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. 156 വില്ലേജ് ഓഫിസുകള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചും 255 എണ്ണം റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ഉള്‍പ്പെടുത്തിയും സംസ്ഥാനത്ത് ആകെ 441 വില്ലേജ് ഓഫിസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാരിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട് വില്ലേജ് ഓഫിസുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ മികച്ച കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ലഭ്യമാകും. ഇതോടെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജന സൗഹൃദമാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് അതത് നിയമസഭാ മണ്ഡലങ്ങളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. വര്‍ക്കല താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വി. ജോയ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. നിര്‍മ്മാണം ആരംഭിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെയും ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. വാമനപുരം വില്ലേജ് ഓഫിസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ദേവദാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.