പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി

post

കൊല്ലം: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി  നിര്‍വഹിച്ചു. സംസ്ഥാന  സര്‍ക്കാര്‍ നടപ്പിലാക്കിയ സാങ്കേതികപരമായ വികസനം റോഡ് നിര്‍മ്മാണ മേഖലയിലും വളരെ പ്രയോജനകരമായി. ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്താണ് പുനലൂര്‍-പത്തനാപുരം-കോന്നി റോഡ് നിര്‍മാണത്തിന് ലോക ബാങ്ക് ധനസഹായം ലഭ്യമായത്. എത്രയും പെട്ടെന്ന് റോഡിന്റ  നിര്‍മാണപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും  മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് പ്രൊജക്ടിന്റെ കീഴില്‍ ലോക ബാങ്കിന്റെ സഹായത്തോടുകൂടി പുനരുദ്ധാരണം നടത്തുന്ന  പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍-പത്തനാപുരം-കോന്നി റോഡിന്  221 കോടി രൂപയാണ് ധനസഹായം. പുനലൂരില്‍ ദേശീയ പാതയില്‍ നിന്നാണ് നിര്‍മാണം  ആരംഭിക്കുന്നത്. കോന്നി പ്ലാച്ചേരി റീച്ചിന് 30 കിലോമീറ്റര്‍, രണ്ടാമത്തെ റീച്ചിന് 22.17 കിലോമീറ്റര്‍, പ്ലാച്ചേരി പൊന്‍കുന്നം മൂന്നാം റീച്ചിന് 30 കിലോമീറ്ററുമാണ് മൊത്തത്തിലുള്ള  ദൈര്‍ഘ്യം.

പുനലൂരിലെ നവീകരിച്ച ആറ് റിങ് റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

തമിഴ്നാടിനോട് ഏറ്റവും അടുത്തുകിടക്കുന്ന ജില്ലയിലെ ഏകപട്ടണമാണ് പുനലൂര്‍. ഇവിടുത്തെ എല്ലാ റോഡുകളും അത്യാധുനിക രീതിയില്‍ സംരക്ഷണഭിത്തി ഉള്‍പ്പെടെയുള്ള സംവിധാനത്തോട് കൂടി പൂര്‍ത്തീകരിച്ചു സഞ്ചാരയോഗ്യമാക്കി. പൊതുമരാമത്ത് വകുപ്പ് മുഖേന റോഡ് വികസനത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുനലൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നുപോകുന്ന എല്ലാ റോഡുകളും നവീകരിച്ച സഞ്ചാരയോഗ്യമാക്കി. ഇരുവശങ്ങളിലും ഓട ഉള്‍പ്പെടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതരത്തിലാണ് റോഡ് വികസനം നടത്തിയിട്ടുള്ളതെന്നും  അദ്ദേഹം പറഞ്ഞു.

പുനലൂര്‍ നഗരസഭാ പരിധിയില്‍ വരുന്ന പുനലൂര്‍-നെടുങ്കയം, പേപ്പല്‍മില്‍-സര്‍ക്കാര്‍മുക്ക്, പുനലൂര്‍ മാര്‍ക്കറ്റ്-പുനലൂര്‍ സത്രം, പുനലൂര്‍ ടൗണ്‍-ശിവന്‍കോവില്‍, വെട്ടിപ്പുഴ-കുതിരച്ചിറ എം എല്‍ എ റോഡുകളുടെ നവീകരണത്തിനായി കിഫ്ബിയില്‍ നിന്നും 15.15 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് മുഖേന ആധുനിക രീതിയിലാണ് റോഡുകളുടെ നവീകരണം പൂര്‍ത്തികരിച്ചത്.