'ജലസമൃദ്ധി' വരുംതലമുറയെ ലക്ഷ്യം വെച്ചുള്ള പദ്ധതി

post

തളിപ്പറമ്പില്‍ 63.88 കോടി രൂപയുടെ നീര്‍ത്തട പദ്ധതികള്‍ക്ക് തുടക്കമായി

കണ്ണൂര്‍: മണ്ണ്-ജല സംരക്ഷണത്തിലൂടെ കൃഷിയെ പരിപോഷിപ്പിക്കുന്നതിനും വരുംതലമുറയെ കൂടി ലക്ഷ്യം വെച്ചുള്ളതുമായ പദ്ധതിയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ജലസമൃദ്ധിയെന്ന് കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തളിപ്പറമ്പ് മണ്ഡലത്തില്‍ നടപ്പാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭാവിതലമുറയ്ക്ക് നമ്മള്‍ കരുതിവെക്കേണ്ടതായിട്ടുള്ള പ്രകൃതി മൂലധനത്തിന്റെ സംരക്ഷണത്തിനുള്ള വലിയ പദ്ധതിയാണ് ജലസമൃദ്ധി. വികസന പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന പ്രധാന ന്യൂനത പ്രകൃതി മൂലധനത്തിന്റെ ശോഷണമാണ്. പുഴകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍ എന്നിവയെ സംരക്ഷിച്ച് എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം എന്നതിന്റെ വലിയ ഉദാഹരണമാണ് ഈ പദ്ധതി. ശുദ്ധമായ വായുവും വെള്ളവും മൗലികമായ അവകാശമാണെങ്കില്‍ പോലും അത് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ന് നമുക്ക് ലഭ്യമാകുന്ന ശുദ്ധവായുവും വെള്ളവും അധിവസിക്കുന്ന ആവാസ്ഥവ്യവസ്ഥയും വരും തലമുറയ്ക്ക് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ കൈമാറാനാകുമ്പോഴാണ് വികസനത്തില്‍ യഥാര്‍ഥ മുന്നേറ്റമുണ്ടാകുന്നത്. ആ കാഴ്ചപ്പാടാണ് ജലസമൃദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്- മന്ത്രി പറഞ്ഞു.

മണ്ണ്-ജല സംരക്ഷണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. റീബില്‍ഡ് കേരളയിലൂടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്. കേരളത്തിന്റെ കാര്‍ഷിക രംഗത്തുണ്ടായ മാറ്റം ഉല്‍പാദന മേഖലയിലേത് മാത്രമല്ല, ജലസ്രോതസ്സുകളെയും പ്രകൃതിമൂലധനത്തെയും സംരക്ഷിക്കുന്നതിനായി നടത്തിയ ശക്തമായ ഇടപെടലുകള്‍ പ്രധാന ഘടകമാണ്. കാലാവസ്ഥ വ്യതിയാനം വലിയ ഭീഷണിയായി ജനജീവിതത്തിലും ആവാസ വ്യവസ്ഥയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിതെന്നും വൈവിധ്യത്തെ സംരക്ഷിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന സമീപനമാണ് കാര്‍ഷിക രംഗത്ത് ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ ജലസുരക്ഷ ഉറപ്പുവരുത്തുക, ജലസമ്പത്തിലൂന്നിയുള്ള സമഗ്രകാര്‍ഷിക വികസനം കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തളിപ്പറമ്പ് മണ്ഡലത്തില്‍ ജലസമൃദ്ധി പദ്ധതിക്ക് തുടക്കം കുറിച്ചത്. നിഡ (നബാര്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് അസിസ്റ്റന്‍സ്) ധനസഹായത്തോടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് മുനിസിപ്പാലിറ്റികള്‍, ഏഴ് ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ മുന്‍ഗണനാടിസ്ഥാനത്തിലുള്ള ഒമ്പത് സൂക്ഷ്മ നീര്‍ത്തട പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇതില്‍ അഞ്ച് നീര്‍ത്തടങ്ങള്‍ കുപ്പം പുഴയുടെ കരകളിലും നാലെണ്ണം വളപട്ടണം നദീതടത്തിലും ഉള്‍പ്പെടുന്നു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ എടക്കോം (9.44 കോടി രൂപ), കുറുമാത്തൂര്‍ കാര്യാട് തോട് (5.97 കോടി), പരിയാരം വളയംതോട് II (4.05 കോടി), ആന്തൂര്‍ നഗരസഭയിലെ മൊറാഴ (8.35 കോടി), തളിപ്പറമ്പ് നഗരസഭയിലെ തളിപ്പറമ്പ് ടൗണ്‍ II (4.11 കോടി). മലപ്പട്ടം ചൂളിയാട് (8.77 കോടി), മയ്യില്‍ വള്ളിയോട്ട് (9.51 കോടി), കൊളച്ചേരി കായാച്ചിറ II (5.63 കോടി), കുറ്റിയാട്ടൂര്‍ മാണിയൂര്‍ (8.05 കോടി) നീര്‍ത്തടങ്ങളില്‍ പദ്ധതി നടപ്പാക്കും.  

ആകെ 63.88 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഇതില്‍ 41.38 കോടി രൂപ നിഡ ധനസഹായവും, 11.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. 10.71 കോടി രൂപയുടെ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ തൊഴിലുറപ്പ് പദ്ധതി മുഖേന നിര്‍വഹിക്കും. സ്വകാര്യ കൃഷിയിടങ്ങളിലെ മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മണ്‍പണി മുഖ്യമായുള്ള ജലാശയങ്ങളുടെ ശുചീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് തൊഴിലുറപ്പിലൂടെ പ്രയോജനപ്പെടുത്തുക. വീടുകളില്‍ കിണര്‍ റീച്ചാര്‍ജ്ജിംഗ്, പൊതുസ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണ സംവിധാനം ഒരുക്കല്‍, തോടുകളുടെയും നീര്‍ച്ചാലുകളുടെയും സംരക്ഷണ-പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, ഫലവൃക്ഷ തൈകളുടെയും ദീര്‍ഘകാല ഇലവര്‍ഗ്ഗ ചെടികളുടെയും വ്യാപനം, ജലസ്രോതസ്സുകളുടെ വികസനം തുടങ്ങിയവ സംസ്ഥാന- നിഡ ധനസഹായത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കും. ആദ്യഘട്ടമായി കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പഴശ്ശി, പരിയാരം ഗ്രാമപഞ്ചായത്തിലെ വായാട് നീര്‍ത്തട വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.