ജനക്ഷേമ പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പിലാക്കി

post

കൊല്ലം: കഴിഞ്ഞ അഞ്ച്  വര്‍ഷക്കാലയളവില്‍ വികസനപരവും ജനക്ഷേമപരവുമായ  പദ്ധതികള്‍ എല്ലാ മേഖലകളിലും നടപ്പാക്കാന്‍  സാധിച്ചിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ  അഞ്ചുവര്‍ഷ പൂര്‍ത്തീകരണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. കബഡി ഇന്‍സ്റ്റിറ്റ്യൂട്ട്, ബോക്‌സിങ് അക്കാദമി,  ഓപ്പണ്‍ ജിംനേഷ്യം,തണ്ണീര്‍ പന്തല്‍  തുടങ്ങി നൂതനങ്ങളായ ഒട്ടേറെ പദ്ധതികളാണ് സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്.

ആരോഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ തെളിവാണ് ജില്ലാ ആശുപത്രിയിലെ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷികമേഖലയില്‍  മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. ജയന്‍ സ്മാരക ഹാള്‍, തദ്ദേശ ഭാഷാ പഠനകേന്ദ്രം എന്നിവയെല്ലാം അഭിമാനിക്കാവുന്ന നേട്ടങ്ങളാണ്. ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് നടപ്പിലാക്കിയത്. വ്യവസായ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പത്തനാപുരത്തും  കരീപ്രയിലും വ്യവസായ എസ്റ്റേറ്റ് സ്ഥാപിച്ചു. വികസനത്തിനൊപ്പം ജന ക്ഷേമത്തിനും തുല്യപരിഗണന നല്‍കിയ പ്രവര്‍ത്തനമാണ് ഭരണസമിതിയുടെ കാലയളവില്‍ നടപ്പാക്കിയതെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.