സപ്ലൈകോയില്‍ കാലാനുസൃതമായ മാറ്റം നടപ്പിലാക്കും: മന്ത്രി പി തിലോത്തമന്‍

post

കൊല്ലം: സപ്ലൈകോ കാലാനുസൃതമായി മാറുകയാണെന്നും അവശ്യ ഉല്‍പന്നങ്ങളെല്ലാം സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമലയില്‍ പ്രവര്‍ത്തനമാരംഭിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ചിറ്റുമലയില്‍ നടന്ന പരിപാടിയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി. പൊതുവിതരണ ശൃംഖലയിലൂടെയാണ് നാടിന്റെ വികസനം സാധ്യമാകുന്നത്. കോവിഡ് കാലത്ത് എല്ലാ കുടുംബങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു രാജ്യത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്നും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാകുമ്പോള്‍ ജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും എംഎ എ പറഞ്ഞു.

ചിറ്റുമലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാവേലിസ്റ്റോറിനെയാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആക്കി ഉയര്‍ത്തിയത്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇവിടെ ലഭ്യമാകും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന ഷാഹി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ തങ്കപ്പന്‍ ഉണ്ണിത്താന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ജി വേലായുധന്‍, സി ജി ഗോപു കൃഷ്ണന്‍, സ്റ്റീഫന്‍ പുത്തേഴത്ത്, എന്‍ കൊച്ചാപ്പു, പ്രശാന്ത് മറവൂര്‍, കല്ലട ഫ്രാന്‍സിസ്, കേരള ജനകീയ ഉപഭോക്തൃ സമിതി സംസ്ഥാന പ്രസിഡന്റ് എം പി സുഗതന്‍ ചിറ്റുമല, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.