പറഞ്ഞതൊക്കെ സര്‍ക്കാര്‍ നടപ്പിലാക്കുന്നു: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ ഒന്നായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. കുണ്ടറയില്‍ രണ്ട് റോഡുകളുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്റെ കുട്ടികള്‍ക്ക് പോലും ഹൈടെക് സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നു. പാര്‍പ്പിടം ഇല്ലാത്തവര്‍ക്ക് പാര്‍പ്പിടം എന്ന സ്വപ്നം സാക്ഷാത്കരിച്ചു വരുന്നു. ഗ്രാമീണ റോഡുകള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കി പ്രവര്‍ത്തികള്‍ നടന്നുവരുന്നു. പ്രഖ്യാപിച്ച പദ്ധതികള്‍ വെറും വാക്കല്ല എന്ന് തെളിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ടില്‍ റേഡിയോ ജംഗ്ഷന്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള റോഡ്, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ മാമ്മൂട് മുതല്‍ വായനശാല ജംഗ്ഷന്‍ വരെയുള്ള റോഡ് എന്നിവയുടെ പുനരുദ്ധാരണമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. റേഡിയോ ജംഗ്ഷന്‍ മുതല്‍ മുതല്‍ കൊച്ചാലുംമൂട് വരെയുള്ള 1400 മീറ്റര്‍ റോഡ്  108.6 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിക്കുന്നത്. മാമൂട് മുതല്‍ വായനശാല ജംഗ്ഷന്‍ വരെയുള്ള റോഡ് 1510 മീറ്റര്‍ നീളത്തിലാണ്, 177 ലക്ഷം രൂപയാണ് ചെലവ്. റോഡുകളുടെ പ്രവര്‍ത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ്, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡന്റ് ജയകുമാരി,  ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിന്‍ഡ, സ്വാഗതസംഘം കണ്‍വീനര്‍ പശുപാലന്‍ എന്നിവര്‍ കൊച്ചാലുംമൂട് ജംഗ്ഷനില്‍ നടന്ന ചടങ്ങിലും മാടന്‍കാവ് ജംഗ്ഷനില്‍  നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷെര്‍ലി സത്യദേവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബീന പ്രസാദ്, ഷംല ബീവി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് ഹുസൈന്‍, സ്വാഗതസംഘം കണ്‍വീനര്‍ ഉദയകുമാര്‍, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനീത കുമാരി, ബ്ലോക്ക് പഞ്ചായത്ത്  മെമ്പര്‍മാരായ ഗിരിജാ കുമാരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.