പട്ടിക വിഭാഗങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ കോളനികളുടെ ദയനീയാവസ്ഥ മാറ്റണം : മന്ത്രി എ കെ ബാലന്‍

post

കണ്ണൂര്‍ : പട്ടിക വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിന് കോളനികളുടെ ദയനീയ മുഖങ്ങള്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്ന് പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ധര്‍മ്മടം ഗ്രാമ പഞ്ചായത്തിലെ പാലയാട് അംബേദ്കര്‍ കോളനി ഉള്‍പ്പെടെ സംസ്ഥാനത്ത് അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ച 15 ഗ്രാമങ്ങളുടെ ഉദ്ഘാടനവും നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്ന ഒമ്പത് ഗ്രാമങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി.  അംബേദ്ക്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തിയാകുന്നതോടെ വലിയ മാറ്റമാണ് കോളനികളിലുണ്ടായികൊണ്ടിരിക്കുന്നതെന്നും അതാത് പ്രദേശത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശങ്ങളിലെ ജനപ്രതിനിധികളും നിവാസികളും ചേര്‍ന്നാണ് നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നത്. ഒരു കോടി രൂപ വരെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കോളനികളില്‍ നടപ്പാക്കുന്നത്. കുറഞ്ഞത് 30 കുടുംബങ്ങളുള്ള ഗ്രാമങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മറ്റൊരു പേരില്‍ നടപ്പാക്കിയ പദ്ധതിയാണ് അംബേദ്ക്കര്‍ ഗ്രാമം എന്ന പേരില്‍ നാമകരണം ചെയ്തത്. സംസ്ഥാനത്തെ 207 കോളനികള്‍ കഴിഞ്ഞ സര്‍ക്കാര്‍ എടുത്തുവെങ്കില്‍ പോലും 43 എണ്ണം മാത്രമാണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. 164 എണ്ണം ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് പൂര്‍ത്തീകരിച്ചത്. അതോടൊപ്പം 273 കോളനികളാണ് എം എല്‍ എമാരുടെ ശുപാര്‍ശ പ്രകാരം ഏറ്റെടുത്തത്. അതില്‍ 52 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. 221 എണ്ണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മാസത്തിനുള്ളില്‍ ഇവ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ 56000 വീടുകളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. 16500 പഠനമുറികള്‍ ഇതിനോടകം നിര്‍മ്മിച്ചു. ബാക്കിയുള്ളവയുടെ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. ഈ വിഭാഗം ഇപ്പോഴും പിന്നോക്ക അവസ്ഥയിലാണ്. മികച്ച വിദ്യാഭ്യാസം,  തൊഴില്‍ എന്നിവയിലൂടെ ഈ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സാധിക്കും. അതിനായാണ് അവരുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി ഹോസ്റ്റലുകള്‍ നവീകരിക്കുകയും നല്ല ഭക്ഷണങ്ങള്‍ നല്‍കുകയും മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പോലുള്ള സ്ഥലങ്ങളില്‍ 100 ശതമാനം വിജയം ഉറപ്പുവരുത്താന്‍ സാധിക്കുകയും ചെയ്യുന്നത്. 6000 ത്തോളം പേര്‍ക്ക് 25  ഓളം സ്ഥാപനങ്ങള്‍ വഴി തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസം നല്‍കുകയും ഇവര്‍ക്ക് വിവിധയിടങ്ങളില്‍ തൊഴില്‍ നല്‍കാന്‍ സാധിക്കുകയും ചെയ്തു. എസ് സി, എസ് ടി വിഭാഗത്തിലുള്ള 300 ഓളം പേര്‍ക്ക് തൊഴില്‍ പരിശീലനവും പാസ്‌പോര്‍ട്ടും നല്‍കി വിദേശത്ത് തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

 ഈ മേഖലയില്‍ സുസ്ഥിര വികസനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. ഏഴ് മോഡേണ്‍ റസിഡന്‍ഷ്യല്‍ ഐ ടി ഐകള്‍ സ്ഥാപിച്ചു. ഇതിലൂടെ ഐ ടി ഐകളില്‍ 100 ശതമാനം അഡ്മിഷന്‍ ഉറപ്പാക്കി. ആരോഗ്യ മേഖലയില്‍ 250 കോടി രൂപയാണ് രണ്ട് ലക്ഷത്തോളം വരുന്ന എസ് സി, എസ് ടി വിഭാഗത്തിന് ചികിത്സയ്ക്കായി വീട്ടിലേക്ക് എത്തിച്ചു നല്‍കിയത്. കോവിഡിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ആദിവാസി മേഖലയില്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലായി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ധര്‍മ്മടം അംബേദ്ക്കര്‍ കോളനിയില്‍ നടപ്പാക്കിയത്.

കോളനിയിലെ 12 വീടുകളില്‍ കുടിവെള്ള വിതരണ ശൃംഖല പൂര്‍ത്തിയാക്കുകയും 43 വീടുകളില്‍ 1000 ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് നല്‍കുകയും 39 വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ്  സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കോളനിയിലെ വീതി കുറഞ്ഞ ഇടവഴികള്‍ വലുതാക്കി ഇന്റര്‍ലോക്ക് ചെയ്തു, പാതയുടെ വശങ്ങളിലുള്ള അനുമതി ലഭിച്ച മുഴുവന്‍ സ്ഥലത്തും സുരക്ഷാ ഭിത്തി നിര്‍മ്മിച്ചു, കോളനിയില്‍ ഉള്‍പ്പെട്ട രണ്ട് റോഡുകള്‍ ഇന്റര്‍ലോക്ക് ചെയ്തു, കമ്മ്യൂണിറ്റി ഹാള്‍ നവീകരിച്ചു, കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ലൈബ്രറിയും മുകളിലത്തെ നിലയില്‍ സ്മാര്‍ട്ട് കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചു, 10 പച്ചക്കറി ചെടികള്‍ വീതം പൂര്‍ണ രീതിയില്‍ തയ്യാറാക്കി 40 വീടുകളില്‍ വിതരണം ചെയ്തു. അര്‍ഹരെന്ന് കണ്ടെത്തിയ മൂന്ന്  പേരുടെ വീടുകളുടെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 2018 ജൂലൈയില്‍ ആണ് കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കോളനി നിവാസികളുടെ ആവശ്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ഇതിനായി പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്പായി യോഗങ്ങള്‍ ചേരുകയും കോളനി നിവാസികളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയും ചെയ്തിരുന്നു.

 ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍  അധ്യക്ഷനായി. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ വിശിഷ്ടാതിഥിയായി. ഡയറക്ടര്‍ പി ഐ ദിവ്യ, ജോയിന്റ് ഡയറക്ടര്‍ ടോമി ചാക്കോ, എം പിമാര്‍, എം എല്‍ എമാര്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.