ഉത്തരവുകള്‍ ലംഘിച്ചാല്‍ നടപടി കര്‍ശനമാക്കും: ജില്ലാ കലക്ടര്‍

post

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ലംഘിച്ചാല്‍, ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഇന്നലെ കൂടിയ  ഉന്നതതല ഓണ്‍ലൈന്‍  യോഗത്തിലാണ് കലക്ടര്‍ ഇകാര്യം അറിയിച്ചത്.

സ്വകാര്യ ആശുപത്രികളില്‍ നിന്നും സഹകരണ ആശുപത്രികളില്‍ നിന്നും കോവിഡ് ബാധിതരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുംമുന്‍പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി ഫോണ്‍ മുഖാന്തരം എങ്കിലും വാങ്ങിയിരിക്കണം എന്ന ഉത്തരവ് ലംഘിച്ച് വീണ്ടും രോഗികളെ കൊണ്ടുവരുന്നതായി ജില്ലാ ആശുപത്രിയിലെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും  സൂപ്രണ്ടുമാര്‍ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ മറുപടിയായി പറഞ്ഞത്. വിളിച്ചു ചോദിച്ചപ്പോള്‍ അനുമതി വാങ്ങണമെന്ന കാര്യം അറിയിച്ചിട്ടും ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഹബീബ് യോഗത്തില്‍ കലക്ടറോട് പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ചികിത്സയില്‍ ഇരിക്കുന്ന രോഗിയുടെ അവസ്ഥ വളരെ ഗുരുതരമാകുന്ന സാഹചര്യത്തില്‍ മാത്രം രോഗിയെ മാറ്റാന്‍ ശ്രമിക്കുന്ന പ്രവണത  ഖേദകരമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ക്ലോസ്ഡ് ക്ലസ്റ്റര്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തില്‍ യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കലക്ടര്‍ സിസിജിയുടെ ചുമതലയുള്ള സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ചൊവ്വാഴ്ച മൂന്ന് താലൂക്കുകളില്‍ യോഗം നടക്കും.