മത്സ്യ കൃഷിയിലൂടെ സ്വയം തൊഴില്‍ കണ്ടെത്താം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം: കോവിഡ് കാലത്ത് നിരവധി തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമ്പോഴും മത്സ്യകൃഷിയിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഫിഷറീസ് വകുപ്പ് സൃഷ്ടിക്കുന്നതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വളപ്പുകളിലെ കരിമീന്‍ വിത്തുല്പാദനവും പരിപാലനവും പദ്ധതിയില്‍ കരിമീന്‍ നിക്ഷേപിക്കുന്നത് പേരയം ഗ്രാമപഞ്ചായത്തിലെ കുതിരമുനമ്പില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പഴയ തലമുറയിലുള്ളവര്‍ കായല്‍ സംരക്ഷിച്ചുകൊണ്ടാണ് മത്സ്യബന്ധനം നടത്തിയിരുന്നത്. പിന്നീടുവന്ന തലമുറ മണലൂറ്റി കായലിലെ സ്ഥിതിതന്നെ അപകടത്തിലാക്കി. പ്രകൃതിയുമായി സംതുലനം പാലിച്ചില്ലെങ്കില്‍ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണെന്ന് പുതിയ തലമുറ തിരിച്ചറിഞ്ഞുകഴിഞ്ഞു.

കായല്‍ സംരക്ഷണത്തിനൊപ്പം ധനസമ്പാദ്യം എന്നതാണ് ഫിഷറീസ് വകുപ്പ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. തൂപ്പിട്ടു മീന്‍ പിടിക്കുന്നത് കരിമീന്‍ കുഞ്ഞുങ്ങളുടെ വംശനാശത്തിന് കാരണമാകും. ചെറിയ കണ്ണിയുള്ള വലയിട്ട് മീന്‍ പിടിക്കുന്നത് മത്സ്യങ്ങളുടെ വംശനാശത്തിനും കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

കരിമീന്‍ കൃഷിക്ക് ആവശ്യമായ വിത്ത് ലഭ്യമാക്കുകയും കായലോര നിവാസികളുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം 19.20 ലക്ഷം രൂപ ചെലവിട്ടു 300 യൂണിറ്റുകളാണ് വകുപ്പ് തുടങ്ങുന്നത്. കരിമീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നവരില്‍ നിന്ന് വകുപ്പ് തന്നെ വിത്തുമത്സ്യം വാങ്ങി മത്സ്യ കര്‍ഷകര്‍ക്ക് നല്‍കും. ഇത്തരത്തില്‍ പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, പടപ്പക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പടപ്പക്കര, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, പടപ്പക്കര ഇടവക വികാരി ഫാദര്‍ജോണ്‍ ബ്രിട്ടോ തുടങ്ങിയവര്‍ സംബന്ധിച്ചു.