ശാന്തിതീരം' മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു

post

കൊല്ലം : തെന്മല ഗ്രാമപഞ്ചായത്തിലെ ചിറ്റാലംകോട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതു ശ്മശാനം ശാന്തിതീരവും പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റും വനം - വന്യജീവി വകുപ്പ് മന്ത്രി  കെ രാജു നാടിനു സമര്‍പ്പിച്ചു.

വികസനം എന്ന് പറയുമ്പോള്‍ സാധാരണയായി റോഡ്, പാലം, കെട്ടിടം എന്നിവയണ് ജനങ്ങളുടെ മനസ്സിലേക്കെത്തുന്നത്. എന്നാല്‍ ഒരു സമൂഹത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പൊതുശ്മശാനം.  കോവിഡ് പോലുള്ള പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ആധുനിക ശവസംസ്‌കാര രീതികള്‍ അവലംബിക്കേണ്ടതും അനിവാര്യമാണ്. മരണപ്പെട്ടവരെ അടക്കം ചെയ്യുന്നതിന്  ആറടി മണ്ണില്ലാത്തവര്‍ക്കും പൊതുശ്മശാനം പ്രയോജനപ്പെടും. പരമ്പരാഗത രീതിയിലുള്ള ശവസംസ്‌കാര ചടങ്ങുകള്‍ മണ്ണും വായുവും ജലവും എല്ലാം മലിനീകരിക്കുന്നു. ആധുനിക രീതിയില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ശാന്തിതീരം ഗ്യാസ് ക്രിമിറ്റോറിയം വനമേഖലയിലുള്ള എല്ലാ പൊതുജനങ്ങള്‍ക്കും  ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച 84 ലക്ഷം രൂപയും തെ•ല ഗ്രാമപഞ്ചായത്ത് ഫണ്ട് 16 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പ്ലാസ്റ്റിക് പൊടിക്കുന്നതിനാവശ്യമായ ബെയിലിംഗ് യൂണിറ്റിലേക്ക് മെഷീനറീസ് ലഭ്യമാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ധനസഹായം 43 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് ഏഴ് ലക്ഷം രൂപയും ചെലവഴിച്ചു.

ചടങ്ങില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി ആര്‍ ബാലചന്ദ്രന്‍,  തെ•ല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ, വൈസ് പ്രസിഡന്റ് എല്‍ ഗോപിനാഥപിള്ള,  ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു