പച്ചത്തുരുത്ത് മികവിന് ആദരം

post

കണ്ണൂര്‍ : അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പച്ചത്തുരുത്തിന്റെ മികവിനുള്ള ആദരവും ഉപഹാര സമര്‍പ്പണവും വ്യവസായ- കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.  പടിയൂരില്‍ പാറക്കടവ്, പടിയൂര്‍ ഇറിഗേഷന്‍ സൈറ്റ്, മാങ്കുഴി കോളനി എന്നിവിടങ്ങളിലാണ് പച്ചത്തുരുത്ത് നിര്‍മ്മിച്ചത്. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിയുടെ ജലസംഭരണിയോടു ചേര്‍ന്നു കിടക്കുന്ന തരിശായ പുഴ പുറമ്പോക്ക് ഭൂമി കൂടുതലായി കണ്ടുവരുന്ന പ്രദേശമാണിത്. 

പാറക്കടവില്‍ 20 സെന്റ് ഭൂമിയില്‍ വിവിധയിനം നാട്ടുമാവുകളുടേയും നാടന്‍ പ്ലാവുകളുടേയും തൈകളാണ് വെച്ചുപിടിപ്പിച്ചത്. കൊവിഡ് കാലത്ത് പഞ്ചായത്ത് പ്രദേശത്തെ വീടുകളിലെ  വീട്ടമ്മമാര്‍ സ്വന്തമായി നട്ടുവളര്‍ത്തിയ തൈകളാണ് ഇതിനായി ഉപയോഗിച്ചത്.പഴയ സാരികളും ജീന്‍സ് പാന്റുകളും ഉപയോഗിച്ച് തയ്യാറാക്കിയ സഞ്ചികളിലാണ്  തൈകള്‍ ഉല്പാദിപ്പിക്കുന്നതിനായി വിത്ത് പാകിയത്. ഇതിനു പുറമെ കവുങ്ങിന്‍പാളകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കൊട്ടകളിലും ചിരട്ടകളിലും ചകിരിക്കത്തും വിത്തു മുളപ്പിച്ച് തൈകള്‍ ഉല്‍പാദിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവയുടെ നടീല്‍ ജോലികള്‍ നിര്‍വ്വഹിച്ചത്. ചെടികള്‍ നടുന്നതിനും തുടര്‍ന്നുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ സംഘടനയുടെ സഹായവും ലഭ്യമായി.

പടിയൂര്‍ ടൗണിനു സമീപത്തായി പഴശ്ശി ജലസേചന പദ്ധതിയുടെ സംഭരണപ്രദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന ജലസേചനവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് പഞ്ചായത്തിന്റെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പച്ചത്തുരുത്ത്. നാടന്‍ പ്ലാവുകളുടെ 600 ലേറെ തൈകളാണ് ഇവിടെ നട്ടത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍  താമസിക്കുന്ന മാങ്കുഴി  കോളനിയില്‍ 50 സെന്റ് സ്ഥലത്ത് മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്.

ചടങ്ങില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി അധ്യക്ഷയായി. ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍  ഇ കെ സോമശേഖരന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അനില്‍ കുമാര്‍, പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ശ്രീജ, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി വി രാജീവന്‍, കെ അനിത, അംഗങ്ങളായ റീന ടീച്ചര്‍, സി പ്രസന്ന, സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍,  വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.